നഗരസഭാ പ്രദേശങ്ങൾ ചീഞ്ഞുനാറുന്നു : മാലിന്യസംസ്കരണം പഠിക്കാൻ നഗരസഭാംഗങ്ങള്‍ ബംഗളൂരുവിലേക്ക്
1460965
Monday, October 14, 2024 6:30 AM IST
കോട്ടയം: നഗരസഭാ പ്രദേശങ്ങളിലാകെ മാലിന്യം മൂടി ചീഞ്ഞു നാറുമ്പോള് മാലിന്യ നിര്‍മാര്‍ജനം പഠിക്കാന്‍ നഗരസഭാംഗങ്ങള്‍ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തുന്നു. കഴിഞ്ഞ കുറെനാളായി നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനം താളം തെറ്റിയിരിക്കുകയാണ്. പ്രധാന റോഡുകളിലും പോക്കറ്റ് റോഡുകളിലും മാലിന്യക്കൂനകള്‍ ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷാംഗങ്ങളും നഗരത്തിലെ മാലിന്യത്തെക്കുറിച്ച് വിമര്‍ശനമുന്നയിച്ചു. എന്നാല്‍ ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മറുപടി നല്‍കിയത്.
കുരിശുപള്ളി-കാരാപ്പുഴ റോഡില്‍ മാലിന്യക്കൂമ്പാരമാണ്. ഇവിടെ മറ്റു വാര്‍ഡുകളില്‍നിന്നുള്ള മാലിന്യവും നിക്ഷേപിക്കുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ജേക്കബ് കുറ്റപ്പെടുത്തുന്നു.
കോഴിക്കടയിലെ മാലിന്യങ്ങളും ജൈവ, അജൈവ മാലിന്യങ്ങളും റോഡിനിരുവശങ്ങളിലും തള്ളുന്നത് വര്‍ധിച്ചിരിക്കുകയാണ്.
കോടിമത, മൂപ്പായിക്കാട് പ്രദേശങ്ങളില്‍ ഇടറോഡുകളില്‍ രാത്രികാലത്ത് വാഹനങ്ങളിലെത്തിച്ചാണ് മാലിന്യം തള്ളുന്നത്. ജലസ്രോതസുകളിലും പാടങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതും വര്‍ധിച്ചിരിക്കുകയാണ്. നഗരസഭാ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ആക്ഷേപമുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിനായി നഗരസഭാ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന തുമ്പൂര്‍മുഴി കന്പോസ്റ്റ് പ്ലാന്റുകള്‍ കാടുപിടിച്ചു കിടക്കുകയാണ്. മാലിന്യ നിര്‍മാര്‍ജനത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനും കൂടുതല്‍ പഠിക്കുന്നതിനുമായി നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തില്‍ നഗരസഭാംഗങ്ങള്‍ നവംബര്‍ അഞ്ചിന് ബംഗളൂരുവിലേക്ക് പോകും. മൂന്നു ദിവസത്തേക്കാണ് മാലിന്യ നിര്‍മാര്‍ജന രീതികള്‍ നേരിട്ടുകണ്ടു മനസിലാക്കുന്നതിനുള്പ്പെടെയുള്ള യാത്ര.
തൃശൂരിലെ കിലയും ശുചിത്വ മിഷനുമായി ചേര്‍ന്നാണ് പഠനയാത്ര. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്, ജൈവ, അജൈവ മാലിന്യ സംസ്കരണം എന്നിവയുടെ വിജയകരമായ മാതൃകകള്‍ കണ്ടു മനസിലാക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും നേരത്തേ സിക്കിമിലും ബംഗളൂരുവിലും മാലിന്യ സംസ്കരണം പഠിക്കാന്‍ പോയിരുന്നു.