നൂറുമേനി കൊയ്യാനൊരുങ്ങി രാമപുരം സെന്റ് അഗസ്റ്റിന്‍സിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
1460873
Monday, October 14, 2024 3:35 AM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൈവരീതിയില്‍ കൃഷി ചെയ്ത നെല്ല് വിളഞ്ഞ് കൊയ്ത്തിനു തയാറായി. തവളക്കണ്ണന്‍ എന്ന നാടന്‍ നെല്ലാണ് കൊണ്ടാട് പാടശേഖരത്തില്‍പ്പെട്ട ചൂരവേലി പാടത്തെ അര ഏക്കര്‍ നിലത്ത് നട്ടത്. 50 എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ചൂരവേലി മധു എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കൃഷികള്‍ നടത്തിയത്.
പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിയില്‍ നാടന്‍ ഇനത്തില്‍പ്പെട്ട വെച്ചൂര്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് വളമായി ഉപയോഗിച്ചത്. അടിവളമായി ജീവാമൃതം ഇട്ടു. ഞാറ് നട്ട് 45 ദിവസത്തിനുള്ളില്‍ മൂന്നു തവണ വളപ്രയോഗം നടത്തി. തുടര്‍ന്ന് ഒരു മാസത്തെ ഇടവേളകളില്‍ വളപ്രയോഗം തുടര്‍ന്നു.
പക്ഷികളുടെ ശല്യം ഒഴിവാക്കാന്‍ കുട്ടികള്‍ ഉപയോഗിച്ച വിദ്യ തെങ്ങിന്റെ കവളന്മടൽ നാട്ടിനിര്ത്തലായിരുന്നു. ക്ലാസ് കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ നെല്‍കൃഷിയുടെ പരിചരണത്തിനായി പാടശേഖരത്തില്‍ എത്തിയിരുന്നു. സുഭാഷ് പലേക്കറിന്റെ സീറോ ബജറ്റ് കൃഷിരീതിയാണ് അനുവര്‍ത്തിച്ചത്. ഏകദേശം 75 പറ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയ്ക്കുള്ളില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കൊയ്ത്തിനായി പാടത്തിറങ്ങും.
സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന്റെയും പ്രിന്‍സിപ്പല്‍ സാബു മാത്യുവിന്റെയും അധ്യാപകരുടെയും പിടിഎയുടെയും പൂര്‍ണ പിന്തുണയോടുകൂടിയാണ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സും വോളണ്ടിയര്‍മാരും നെല്‍കൃഷിയില്‍ ചരിത്രം വിളയിക്കാനായി ഇറങ്ങിത്തിരിച്ചത്.