വണ്ടൻപതാലിൽ വനംവകുപ്പ് ആർആർടി ഉദ്ഘാടനം ഇന്ന്
1460703
Saturday, October 12, 2024 3:32 AM IST
മുണ്ടക്കയം: വന്യജീവി ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽനിന്നു മനുഷ്യജീവനും സ്വത്തിനും കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുന്ന ആർആർടി ടീമിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.
കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് ഐഎഫ്എസ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
ഒരു ക്യാമ്പർ വാഹനവും പ്രത്യേക പരിശീലനം സിദ്ധിച്ച റേഞ്ച് ഓഫീസർ മുതൽ വിവിധ ശ്രേണികളിലുള്ള 11 വനപാലകരും അടങ്ങുന്നതാണ് ഒരു ദ്രുതകർമസേനാ ടീം. ഇവർക്ക് വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും പ്രത്യേക പരിശീലനവും മതിയായ ആയുധങ്ങളുമുള്ളവരാണ്.
ഒരു ആർആർടി ടീം രൂപീകരിക്കുന്നതിന് പ്രാഥമികമായി 10 ലക്ഷം രൂപയാണ് ചെലവഴിക്കുക. സംസ്ഥാന വനംവകുപ്പിന് കീഴിൽ 12 പുതിയ ആർആർടി ടീം അനുവദിച്ചതിൽ ഒരു ടീമിനെ പൂഞ്ഞാറിലേക്ക് അനുവദിപ്പിക്കുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു.
ഇതോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 30 കിലോമീറ്റർ വരുന്ന വനാതിർത്തി പൂർണമായും ഹാംഗിംഗ് ഫെൻസിംഗ്, കിടങ്ങ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുള്ളതായും ഈ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുണ്ടക്കയത്ത് നിർവഹിക്കുമെന്നും എംഎൽഎ അറിയിച്ചു.