അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാര്‍ഷികാഘോഷം നാളെ
1460457
Friday, October 11, 2024 5:19 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിക്കും. 2008 ഒക്ടോബര്‍ 12-ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികള്‍ പൂര്‍ത്തീകരിച്ച് വിശുദ്ധയായി പ്രഖ്യാപിച്ചത്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മ്യൂസിയം സന്ദര്‍ശിക്കാനും അല്‍ഫോന്‍സാമ്മ സഭാവസ്ത്രം സ്വീകരിച്ച സെന്റ് മേരീസ് ഫൊറോനാ പള്ളിയും വിശുദ്ധ താമസിച്ച എഫ്സിസി കോണ്‍വെന്റും സന്ദര്‍ശിച്ച് പ്രാര്‍ഥിക്കാനും നിരവധി തീര്‍ഥാടകരാണ് എത്തുന്നത്.
12ന് വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. 6.15ന് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് രാത്രി ഏഴിന് നേര്‍ച്ച വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ അല്‍ഫോന്‍സാമ്മയുടെ ജീവിതവും ആധ്യാത്മികതയും സംബന്ധിച്ച് പഠിക്കുന്നതിനായി ദേശീയ സെമിനാര്‍ സെന്റ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്ററില്‍ നടത്തും. ഹിന്ദിയില്‍ നടത്തുന്ന സെമിനാറില്‍ കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ നയിക്കും.
എംഎസ്ടി ഡയറക്ടര്‍ ജനറൽ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനസമ്മേളനത്തിന് അധ്യക്ഷത വഹിക്കും.
എഫ്സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെസി മരിയ, റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും. ഡോ. പി.ജെ. ഹെര്‍മന്‍, റവ. ഡോ. ജോര്‍ജ് കാരാംവേലി, ഡോ. സിസ്റ്റര്‍ കൊച്ചുറാണി ജോസഫ് എസ്എബിഎസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഫാ. ബിജു താന്നിനില്ക്കുംതടത്തില്, ഡോ. ജെസ്റ്റി ഇമ്മാനുവല്‍, ഡോ. ശോഭിത സെബാസ്റ്റ്യന്‍ എന്നിവർ പ്രഭാഷണം നടത്തും.ഡോ. നീരദ മരിയ കുര്യന്, ഫാ. ബാബു കക്കാനിയില്‍ എസ്വിഡി, ഡോ. ബ്രിജിത്ത് പോള്‍, ഡോ. കെ.എം. മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫാ. സന്തോഷ് ഓലപ്പുരയ്ക്കല്‍ എംഎസ്ടി അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.