ഗിന്നസ് റിക്കാർഡ് ജേതാവിനെ അനുമോദിച്ചു
1460449
Friday, October 11, 2024 5:18 AM IST
വാഴൂർ: ഗിന്നസ് വേൾഡ് റിക്കാർഡ് ജേതാവ് വാഴൂർ രണ്ടുപ്ലാക്കൽ എബിൻ ജോസുകുട്ടിയെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു.
കണ്ണ് കെട്ടി 11.46 സെക്കൻഡ് കൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിനും കണ്ണുകെട്ടി 6.85 സെക്കൻഡിൽ 10 ഇനം പഴങ്ങൾ തിരിച്ചറിഞ്ഞതിനും ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ വാഴൂർ എൻഎസ്എസ് സ്കൂൾ വിദ്യാർഥിയും രണ്ടുപ്ലാക്കൽ എൽബിൻ-ലിജിത ദമ്പതികളുടെ മകനുമായ എബിൻ ജോസുകുട്ടിയെ വസതിയിലെത്തിയാണ് മന്ത്രി അനുമോദിച്ചത്.
കണ്ണ് മൂടിക്കെട്ടിയ ശേഷം കറൻസി നോട്ടും അതിലെ നമ്പറും കൃത്യമായി പറയുകയും കണ്ണുകെട്ടി പാട്ടുപാടി സ്കേറ്റിംഗ് നടത്തുന്നതിനിടെ രണ്ടു മിനിറ്റു കൊണ്ട് 42 സൂചിയിൽ നൂൽ കോർത്ത് ടാലന്റ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡും നേടിയിട്ടുണ്ട്. കേരള വാട്ടർ അഥോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, മോൻസി ഈറ്റത്തോട്ട് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.