പ്രസിഡന്റിന്റെ ലിഫ്റ്റിൽ എംഎൽഎയുടെ സ്മാഷ്; അരുവിത്തുറ വോളിക്ക് അവേശ തുടക്കം
1460060
Wednesday, October 9, 2024 9:48 PM IST
അരുവിത്തുറ: വോളിബോൾ അവേശത്തിന്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി നിർവഹിച്ചു.
കോളജ് മാനേജർ റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി. കാപ്പൻ കോളജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സി.ബി. ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു.
അരുവിത്തുറ കോളജിന്റെ സ്ഥാപകരായ റവ. ഫാ തോമസ് മണക്കാട്ട്, റവ. ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളി ബോൾ ടൂർണമെന്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇന്റർ കോളജിയേറ്റ് ടൂർണമെന്റാണ്. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളുംമത്സരത്തിൽ മാറ്റുരക്കും.
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള , സെന്റ് തോമസ് കോളജ് കോലഞ്ചേരി, സെന്റ് തോമസ് കോളജ് പാലാ, എസ്എംജി കോളജ് ചേളന്നൂർ, എസ്എച്ച് കോളജ് തേവര, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ഡിഐഎസ്ടി കോളജ് അങ്കമാലി, ശ്രീ നാരായണ കോളജ് വടകര, സിഎംഎസ് കോളജ് കോട്ടയം, സെന്റ് ജോർജ് കോളജ് അരുവിത്തുറ എന്നീ ടീമുകൾ ആണ് പുരുഷ വിഭാഗത്തിൽ മത്സരിക്കുന്നത്.
സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളജ് പാലാ, സെന്റ് സേവിയേഴ്സ് കോളജ് ആലുവ, അസംഷൻ കോളജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.