മൂന്നു പ്രതികൾ പിടിയിൽ
1459848
Wednesday, October 9, 2024 5:46 AM IST
കുമരകം: ബാറില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു. കുമരകം വാച്ചാപറമ്പിൽ വി.എം. മനു (29), അയ്യനാട്ട്ശേരിൽ എ.കെ. ശരത് (32), കൃഷ്ണവിലാസം പീടികപറമ്പിൽ പി.ജി. വിഷ്ണു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 8.45ന് കുമരകം ചക്രംപടി ഭാഗത്തുള്ള ബാറിനുള്ളിൽവച്ച് കുമരകം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബാറിൽ വച്ച് യുവാവിന്റെ സുഹൃത്തിനെ ഇവർ കയ്യേറ്റം ചെയ്തതു യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദിക്കുകയും മേശപ്പുറത്തിരുന്ന ഗ്ലാസ് കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. പരാതിയെത്തുടർന്ന് കുമരകം പോലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിൽ മൂവരേയും പിടികൂടുകയായിരുന്നു. ശരത്തിനും വിഷ്ണുവിനും എതിരേ കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.