മാര്‍ പവ്വത്തില്‍ മെമ്മോറിയല്‍ ട്രോഫി കുര്യനാട് സെന്റ് ആന്‍സ് സ്കൂളിന്
1459844
Wednesday, October 9, 2024 5:46 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി നടത്തിയ രണ്ടാമത് അഖില കേരള ഇന്റര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രസംഗമത്സരത്തില്‍ കുര്യനാട് സെന്റ് ആന്‍സ് എച്ച്എസ്എസിലെ ആഷര്‍ ജോസഫ് ഒന്നാം സ്ഥാനം നേടി മാര്‍ പവ്വത്തില്‍ മെമ്മോറിയല്‍ ട്രോഫിയും 5000 രൂപ കാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് അര്‍ഹയായ ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐറിന് ഷിബു, ഫാ.ജോര്‍ജ് മുക്കാട്ടുകുന്നേല്‍ മെമ്മോറിയല്‍ ട്രോഫിയും നാലായിരം രൂപ കാഷ് പ്രൈസും കരസ്ഥമാക്കി.
മൂന്നാം സ്ഥാനത്തിനുള്ള കെ. ജോര്‍ജ് കിഴക്കേക്കുറ്റ് മെമ്മോറിയല്‍ ട്രോഫിയും 3000 രൂപ കാഷ് അവാര്‍ഡും നേടിയത് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിത്യ എല്‍മ റോബര്‍ട്ടാണ്. നാലാം സ്ഥാനത്തിനുള്ള ജോസ് ഫിലിപ്പ് മേടയില്‍ മെമ്മോറിയല്‍ ട്രോഫിയും 2000 രൂപയുടെ കാഷ് അവാര്‍ഡും നേടിയത് ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ജലി ജോസഫാണ്.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങൾ മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. നിജോ വടക്കേറ്റത്ത് അധ്യക്ഷത വഹിച്ചു. കുറുമ്പനാടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ ചെറിയാന്, ഹെഡ്മാസ്റ്റര് മാത്യു എം.സി., വാര്‍ഡ് മെംബര്‍ രമ്യ റോയ്, ഡോ. സണ്ണി സെബാസ്റ്റ്യന്‍, പ്രഫ. റോസമ്മ ജേക്കബ്, പ്രഫ. ജസ്റ്റിന് ജോണ്‍, ജോണിയ ഗ്രെയ്സ് ജോസഫ്, അജേഷ്, റിനി എ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.