നിരീക്ഷണ കാമറകളെന്ന് പേര് മാത്രം
1454717
Friday, September 20, 2024 7:15 AM IST
പെരുവ: നിരീക്ഷണ കാമറകളെന്ന് പേര് മാത്രം. പ്രവര്‍ത്തിക്കാത്ത കാമറകള്‍ ആര്‍ക്കും പ്രയോജനമില്ലാതെ വെറുതെ കിടക്കുന്നു. വെള്ളൂര്‍ പോലീസ് മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും പണം സ്വരൂപിച്ചാണ് സ്റ്റേഷന്റെ പരിധിയില്‍ വെള്ളൂര്‍, മുളക്കുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്.
ഈ നിരീക്ഷണ കാമറകളാണ് ഏറേ കാലങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. കഴിഞ്ഞദിവസം പെരുവ, മൂര്‍ക്കാട്ടിപ്പടി പ്രദേശങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു.
മോഷണവുമായി ബന്ധപെട്ട് തെളിവുകള്‍ക്കായി പോലീസ് സ്ഥാപിച്ചിരുന്ന കാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇവ പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരം അധികാരികള്‍ മനസ്സിലാക്കിയതത്രെ. പിന്നീട് സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ പരിശോധിച്ചാണ് മോഷ്ടാവെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ ലഭിച്ചത്.
പെരുവ, മുളക്കുളം അമ്പലപ്പടി, വെള്ളൂര്‍ ചെറുകര പാലം, ജംഗ്ഷന്. മൂര്‍ക്കാട്ടിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് കാമറകള്‍ സ്ഥാപിച്ചത്. തകരാരിലായ കാമറകള്‍ നന്നാക്കാന്‍ വ്യാപാരികളും നാട്ടുകാരും പഞ്ചായത്തും തയാറാണെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.