കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമാണത്തിന് തുടക്കമായി
1453617
Sunday, September 15, 2024 6:47 AM IST
കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമാണത്തിന് തുടക്കമായി. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചുള്ള നിർമാണം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് തൃപ്തികരമായി പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകും. രണ്ട് നിലകളിലായി 600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടസമുച്ചയമാണ് യാഥാർഥ്യമാകുന്നത്. 1979 ൽ രൂപീകൃതമായ കടപ്ലാമറ്റം പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരത്തിനായി കടപ്ലാമറ്റം പള്ളി വിട്ടുകൊടുത്ത സ്ഥലത്താണ് ഇപ്പോൾ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്.
പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ് മുൻ എംപി ജോയ് നടുക്കരയെ മോൻസ് ജോസഫ് എംഎൽഎ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കല്ലുപുര, മേരിക്കുട്ടി എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം നിർമല ജിമ്മി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോയി നടുക്കര, വൈസ് പ്രസിഡന്റ് ജയ്മോൾ റോബർട്ട് , ജീനാ സിറിയക്, സിൻസി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.