തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും പിന്തുണച്ചു : പച്ചക്കറി, പൂവ് ഉത്പാദനം ഗണ്യമായി വർധിച്ചു
1453615
Sunday, September 15, 2024 6:47 AM IST
വൈക്കം: തദേശസ്ഥാപനങ്ങളും കൃഷിവകുപ്പും കാർഷിക മേഖലയിൽ വിവിധ പദ്ധതികളുമായി സജീവമായപ്പോൾ പ്രാദേശികമായി ഇക്കുറി പച്ചക്കറി, പൂകൃഷികളിൽ ഉത്പാദനം വർധിച്ചത് കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണകരമായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് എന്ന പേരിൽ പച്ചക്കറി, കിഴങ്ങു വർഗങ്ങൾ, പൂകൃഷി എന്നിവയ്ക്ക് പിൻബലമേകിയത് ആറു പഞ്ചായത്തുകളിലെ കർഷകർക്ക് വലിയ പ്രോത്സാഹനമായി.
പച്ചക്കറി, പൂകൃഷികൾക്കായി നവാഗതരായി നിരവധിപേർ കാർഷിക മേഖലയിലെത്തി. കർഷക കൂട്ടായ്മയിൽ നിരവധി യുവാക്കളും അണിചേർന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. പച്ചക്കറിക്കും പൂവിനു മായി തമിഴ്നാടിനെ ആശ്രയിച്ചിരുന്ന സ്ഥിതിക്ക് ഇക്കുറി വലിയ മാറ്റമുണ്ടായി.
വിഷമയമില്ലാത്ത പച്ചക്കറി ഉൽപാദിപ്പിച്ച് ചുറ്റുവട്ടത്തുള്ളവർക്കും സമീപ വിപണിയിലുമെത്തിക്കുന്ന കൃഷി മാത്രം ജീവനോപാധിയായുള്ള വെച്ചൂർ ഇടയാഴം വലിയമംഗലത്ത് ജോയി വി. മാത്യു, മറവൻതുരുത്ത് കുലശേഖരമംഗലത്ത് സുന്ദരൻനളന്ദ, ഗുണമേന്മയേറിയ ഹൈബ്രീഡ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന ഗുരുകൃപ നഴ്സറി ഉടമ മക്കൻ ചെല്ലപ്പൻ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് വിപണിയിൽ പച്ചക്കറികൾ നിറക്കാനിടയാക്കിയത്.
27 വർഷമായി പഴം പച്ചക്കറി കൃഷിയിൽ വ്യാപൃതനായ ജോയി വി. മാത്യുവും അര നൂറ്റാണ്ടായി കാർഷിക മേഖലയിൽ നിറസാന്നിദ്ധ്യമായ സുന്ദരൻ നളന്ദയുമൊക്കെ നിരവധിത്തവണ പഞ്ചായത്ത്, കൃഷിഭവൻതലങ്ങളിൽ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. പയർ, പാവൽ, പടവലം, തക്കാളി, വഴുതന, വെണ്ട, മത്തങ്ങ, വെള്ളരി, കാബേജ്, കുക്കുമ്പർ, വെള്ളരി, കുറ്റിപ്പയർ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
കൃഷിയിൽ ജോയിക്ക് പിൻബലമേകി ഭാര്യ ജോസഫിനയും ഓട്ടോമൊബൈൽ ടെക്നീഷനായ മകൻ ജയ്സൺ, നഴ്സിംഗ് വിദ്യാർഥിനിയായ മകൾ ജയ്സിയും ഒപ്പമുണ്ട്.