മുക്കൂട്ടുതറ-മാടത്തുംപടി റോഡ് റീ ടാർ ചെയ്യാൻ വെട്ടിപ്പൊളിച്ചിട്ട് മൂന്നു വർഷം
1453365
Saturday, September 14, 2024 11:15 PM IST
മുക്കൂട്ടുതറ: മുക്കൂട്ടുതറ മാറിടം പടി - വെൺകുറിഞ്ഞി - മാടത്തുംപടി - 15 കവല റോഡ് റീ ടാർ ചെയ്യാൻ വെട്ടിപ്പൊളിച്ചിട്ട് മൂന്നു വർഷം. ഒരു വർഷം കൊണ്ട് നിർമാണം തീർക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ, ഇപ്പോൾ മൂന്ന് വർഷത്തോളമായിട്ടും റോഡ് നിർമാണം ആരംഭിച്ചിട്ടില്ല. കുണ്ടും കുഴികളുമായി തകർന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമാണെന്ന് പ്രദേശവാസികൾ പറയുന്നു.
സമരസമിതി രൂപീകരിച്ച നാട്ടുകാർ പ്രതിഷേധം അറിയിക്കാൻ 19ന് രാവിലെ 10.30ന് വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചെന്ന് പൗരസമിതി കൺവീനർ ടോമി പാറക്കുളങ്ങര, സെക്രട്ടറി ജിബിൻ പുതുപ്പറമ്പിൽ എന്നിവർ അറിയിച്ചു.
സ്കൂൾ വാഹനങ്ങൾ, ആംബുലൻസുകൾ ഉൾപ്പടെ ഒട്ടേറെ വാഹനങ്ങൾ ഈ റോഡുവഴി സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ്. കൂലി കൂടുതൽ കൊടുത്താലും ടാക്സികൾ ഇതുവഴി ഓട്ടം വരാൻ തയാറല്ലെന്നും ജനപ്രതിനിധികളോട് പരാതി പറഞ്ഞ് മടുത്തെന്നും നാട്ടുകാർ ആരോപിച്ചു.