കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്പോഴും ജലാശയ ശുചീകരണത്തിന് നടപടികളില്ല
1453336
Saturday, September 14, 2024 7:01 AM IST
കടുത്തുരുത്തി: വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്പോൾ നാട്ടിൽ കുടിവെള്ളപ്രശ്നങ്ങൾ രൂക്ഷമാകുന്നു. നിറയെ വെള്ളമുള്ള നാട്ടിലെ ജലാശയങ്ങള്‍ ശുചിയാക്കാന്‍ നടപടികളില്ലാത്തതാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കുന്നത്. രണ്ടു വെയിൽ തെളിയുന്പോഴേ കുടിവെള്ളത്തിനായി ജനം പരക്കംപായുന്ന നാട്ടിലാണ് സുലഭമായി വെള്ളം ലഭിക്കുന്ന തോടുകളും കൈത്തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലസംഭരണികളിലെല്ലാം മാലിന്യം നിറഞ്ഞുകിടക്കുന്നത്.
ജലാശയങ്ങള്‍ വൃത്തിയാക്കിയാല്‍ നാട്ടുകാരുടെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നതു മാത്രമല്ല, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്കും പരിഹാരമാവും. ചെളിയും മാലിന്യവും നിറഞ്ഞ് ആഴംകുറഞ്ഞ തോടുകള്‍ പെട്ടെന്നു നിറഞ്ഞൊഴുകി പടിഞ്ഞാറന്‍ പ്രദേശങ്ങളെ ദിവസങ്ങളോളം വെള്ളത്തില്‍ മുക്കുന്ന സ്ഥിതിവിശേഷമാണ്. കാലങ്ങളായി ഇതെല്ലാം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണെങ്കിലും പ്രശ്നപരിഹാരത്തിനു നടപടികളൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജലാശയങ്ങള്‍ ശുചീകരിക്കണമെന്നും കുടിവെള്ള സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളുമില്ല. കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം മാലിന്യം ജലസ്രോതസുകള്‍ക്കു ഭീഷണിയാണ്. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട്, ആപ്പാഞ്ചിറ തോട്, മാഞ്ഞൂര്‍ കുഴിയാഞ്ചാല്‍, കല്ലറ കല്ലുകടവില്താഴം, കളമ്പുകാട് പ്രദേശത്തെ തോടുകളെല്ലാം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി.
തോടുകളില്‍ നിറഞ്ഞിരിക്കുന്ന മാലിന്യം വര്‍ഷകാലത്ത് പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാലിന്യം നിറഞ്ഞ ജലാശയങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. നാലതിരുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ ജലാശയങ്ങളില്‍ തള്ളുന്ന മാലിന്യത്തിന്റെ അളവ് ദിവസം തോറും കൂടിവരികയാണ്.
നീരൊഴുക്കില്ലാത്ത തോടുകളില്‍ ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുമിഞ്ഞുകൂടുകയാണ്. പായലിനോടൊപ്പം പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഉപേക്ഷിക്കപ്പെടുന്ന മാലിന്യം ഇവിടുത്തെ ജലാശയങ്ങളിലെ സ്ഥിരംകാഴ്ചയാണ്. തോടുകളോടു ചേര്‍ന്ന് റോഡുകളുള്ള ഭാഗങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളുന്നത്.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാന്‍ പഞ്ചായത്ത് പല ഭാഗങ്ങളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടലുകളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെതുജന പങ്കാളിത്തത്തോടെ, മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം നീരൊഴുക്ക് പുനഃസ്ഥാപിക്കാന്‍ തോടുകള്‍ ആഴംകൂട്ടി വൃത്തിയാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.