എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തോടൊപ്പം ഓണമുണ്ണാന്‍ സംവിധാനമൊരുക്കും: എസ്പി
1452851
Friday, September 13, 2024 1:30 AM IST
കോട്ടയം: ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണമുണ്ണാന്‍ അവസരമൊരുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ യൂണിറ്റ് ചീഫുമാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ആവശ്യമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ചു സബ് ഡിവിഷനുകളിലെയും ഡിവൈഎസ്പിമാരെ വിളിച്ചു ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടും ക്രമസമാധന പ്രശ്നങ്ങള്‍ക്കു കോട്ടമുണ്ടാകാത്ത രീതിയിലുമാണ് പോലീസ് ഉദ്യോഗസ്ഥരെ വീടിനടുത്തുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കു നിയോഗിച്ചായിരിക്കും ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ചുമതല വഹിക്കുന്ന എസ്എച്ച്ഒമാര്‍, എസ്ഐമാര്‍ എന്നിവര്‍ക്കു ആവശ്യമായ ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വീടുകളില്‍ എത്തി കുടുംബാഗംങ്ങളൊടൊപ്പം ഓണസദ്യ കഴിച്ചു മടങ്ങിവരാവുന്നതാണ്.
ദിവസംതോറും സെബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും സഹകരണത്തോടെ ഗ്രാമസഭകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്കു ആവശ്യമായ ബോധവത്കരണം നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
ഓണക്കാലം സുരക്ഷിതമായി ആഘോഷിക്കുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ വിനിയോഗിക്കും. മദ്യം, മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുളള മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും പോലീസ് ചീഫ് പറഞ്ഞു.