ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കി പോലീസ്
1452565
Wednesday, September 11, 2024 11:33 PM IST
കോട്ടയം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ പോലീസ് പരിശോധന ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് അറിയിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിലായി നിരീക്ഷണം നടത്തുന്നതിന് അതാത് എസ്എച്ച്ഓമാരുടെ നേതൃത്വത്തിൽ പോലീസുകാരെ വിന്യസിച്ചു.
ഇവരെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിവരുന്നു. മാളുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസിനെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേകം മഫ്തി പോലീസിനെയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളില്‍ അനധികൃതമായ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ലെന്നും മദ്യം, ലഹരി വസ്തുക്കൾ എന്നിവ മറ്റു ജില്ലകളിൽനിന്നും എത്തുന്നത് തടയുന്നതിനായി ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് കർശന വാഹനപരിശോധനയും നടത്തും. മുൻപ് ലഹരിവസ്തു കേസുകളിൽ ഉൾപ്പെട്ടവരെയും ഓരോ സ്റ്റേഷനുകളിലെയും ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ട ക്രിമിനലുകളെയും പ്രത്യേകം നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.