സഭയും സമുദായവും ചേർന്നു വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
1451847
Monday, September 9, 2024 5:34 AM IST
കുറവിലങ്ങാട്: സഭയും സമുദായവും നല്ലതുപോലെ ചേർന്നുനിന്ന് വളരേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
സീറോമലബാർ സഭയും സമുദായവും, ആത്മാവും ശരീരവും വ്യക്തിയും കുടുംബവും ജീവിയും പരിസ്ഥിതിയും ദൈവാലയവും ദിവ്യകാരുണ്യവും പോലെ പരസ്പരപൂരകങ്ങളാണ്. സഭയുടെ ആളുകളെ കയ്യിലെടുത്ത് സമുദായത്തിന്റെ ആളുകളാണെന്ന് ധരിപ്പിക്കുന്നുണ്ട്. സഭയോട് ബന്ധമില്ലാത്ത സമുദായക്കാരെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്.
സഭയുടെ അംഗമായിരുന്ന് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്നത് വിരോധാഭാസവും ആത്മഹത്യാപരവുമാണ്. സഭയുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കാനും വളർത്താനും അസ്തിത്വപരമായ ചുമതല സഭാംഗങ്ങൾക്കുണ്ട്. പാരമ്പര്യങ്ങളെ വളർത്താൻ മാത്രമേ നമുക്ക് അവകാശമുള്ളൂ. കുറവിലങ്ങാട് സഭാചരിത്രത്തിന്റെയും സമുദായശാസ്ത്രത്തിന്റെയും തലസ്ഥാനമാണ്. മറ്റാർക്കും അവകാശപ്പെടാനാവാത്ത അപ്പസ്തോലിക പൈതൃകത്തോട് ചേർന്നുനിൽക്കുന്ന പാരമ്പര്യങ്ങളുള്ള കുറവിലങ്ങാടിന് ആ വിശുദ്ധ പാരമ്പര്യങ്ങൾ സംരംക്ഷിക്കാനും അതിൽ വളരാനുമുള്ള ഉത്തരവാദിത്വമുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.