ട്രാഫിക് സിഗ്നലും വഴിയോരവാണിഭവും വില്ലൻ; കോഴായിൽ നിന്ന് കുറവിലങ്ങാട്ടെത്താൻ അരമണിക്കൂർ
1451756
Sunday, September 8, 2024 11:50 PM IST
കുറവിലങ്ങാട്: പതിനായിരക്കണക്കിന് തീർഥാടകരടക്കം ഒഴുകിയെത്തുന്ന ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. സെൻട്രൽ ജംഗ്ഷനിൽ ജനഹിതം മാനിക്കാതെ സ്ഥാപിച്ച ട്രാഫിക് സിഗ്നലും അനധികൃത വഴിയോരവാണിഭവുമാണ് പ്രധാന വില്ലന്മാർ. സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങൾ ഊഴംകാത്ത് കിടന്നതോടെ പള്ളിക്കവല മുതൽ കോഴാവരെ വാഹനങ്ങൾക്ക് ചലിക്കാൻ കഴിഞ്ഞില്ല. രക്ഷതേടി പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസിനെ ആശ്രയിച്ചവരും പെട്ടു. വാഹനങ്ങൾ കൂട്ടത്തോടെ എംസി റോഡ് വിട്ട് ബൈപ്പാസിലെത്തിയതോടെ ബൈപ്പാസിനും ശ്വാസംമുട്ടി.
ഗതാഗതക്കുരുക്ക് ശക്തമാകുമ്പോൾ വിഐപികൾ എത്തുമ്പോൾ ചെയ്യുന്നതുപോലെ ട്രാഫിക് ലൈറ്റുകൾ ഓഫ് ചെയ്യണമെന്ന ആവശ്യവുമായി പള്ളിക്കവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ കഴിഞ്ഞ ദിവസം സമീപിച്ച പൊതുപ്രവർത്തകന് കിട്ടിയത് വിചിത്രമായ മറുപടിയാണ്. ട്രാഫിക് ലൈറ്റുകളുടെ നിയന്ത്രണം പഞ്ചായത്താണ് നടത്തുന്നതെന്നായിരുന്നു
ഹോം ഗാർഡിന്റെ മറുപടി. പഞ്ചായത്ത് ഭരണകക്ഷി ബ്ലോക്ക് നേതാവായ പൊതുപ്രവർത്തകൻ പഞ്ചായത്ത് പ്രസിഡന്റിനെ ഫോൺ വിളിച്ച് ഹോം ഗാർഡിനെ സമീപിച്ചെങ്കിലും ഫോൺ സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ലെന്ന് പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നൽകി പരിഹാരം കാത്തിരിക്കുകയാണ് ഭരണപക്ഷത്തെ പ്രധാനകക്ഷിയും നേതാക്കളും.
മുട്ടുങ്കൽ ജംഗ്ഷൻ മുതൽ പള്ളിയമ്പ് റോഡുവരെ എംസി റോഡിൽ വഴിയോരവാണിഭമില്ലെന്ന് പഞ്ചായത്ത് ആവർത്തിച്ച് പറഞ്ഞിട്ടും പള്ളിക്കവലയിൽ വഴിയോരവാണിഭം പൊടിപൊടിക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പള്ളിത്താഴെ റോഡിൽ നിന്ന് വാഹനങ്ങൾ വളഞ്ഞെത്തുന്ന എംസി റോഡുമുതൽ മിനി ബസ് ടെർമിനൽവരെ പെട്ടി ഓട്ടോറിക്ഷകളിലാണ് ആഹാരസാധനങ്ങളും പഴവർഗങ്ങളും വിറ്റഴിക്കുന്നത്.
എച്ച് വൺ എൻ വൺ പനി വ്യാപമാകുന്ന സാഹചര്യത്തിൽ മതിയായ ആരോഗ്യശീലം ഉറപ്പാക്കാതെ ആഹാരപദാർഥങ്ങൾ വിറ്റഴിച്ചത് പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്. വാടകയും നികുതിയും കൃത്യമായി നൽകി മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്കും ഇതിൽ പ്രതിഷേധമുണ്ട്. ഇക്കാര്യത്തിൽ പഞ്ചായത്ത് നടപടികളുമായി മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാണ്.