അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി
1451683
Sunday, September 8, 2024 6:57 AM IST
അതിരമ്പുഴ: അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായി. അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിലാണ് വേറിട്ട അധ്യാപക ദിനാഘോഷം നടന്നത്. അധ്യാപകരുടെ വേഷത്തിലെത്തിയ കുട്ടിഅധ്യാപകർ രാവിലെ അധ്യാപകരെ വരവേറ്റു. സ്കൂൾ ലീഡർ ആഷ്ന ഷിജു താത്കാലിക പ്രഥമാധ്യാപികയായി ചാർജെടുത്തു. സ്കൂൾ ചെയർമാൻ റോഷി റോയി ഓഫീസ് പ്രവർത്തനങ്ങളുടെ ഏകദിന സാരഥ്യം ഏറ്റെടുത്തു. കുട്ടി അധ്യാപകരാണ് ക്ലാസുകളെടുത്തത്.
പ്രസിഡന്റ് മനോജ് പി. ജോണിന്റെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അധ്യാപകർക്ക് ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി. 36 വർഷം അധ്യാപികയായും പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ച് ഇവിടെനിന്ന് വിരമിച്ച മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലീൻ കുളങ്ങരയെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് അൽഫോൻസ മാത്യു അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പള്ളി അസി. വികാരി ഫാ. അലക്സ് വടശേരി പൊന്നാടയണിയിച്ചു.