സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി ജില്ലാ ജയിൽ സുരക്ഷ കൂട്ടുന്നു
1417018
Thursday, April 18, 2024 12:04 AM IST
കോട്ടയം: 1959ല്‍ നിര്‍മിച്ച കോട്ടയം ജില്ലാ ജയിലിന്റെ ചുറ്റുമതിലിനു മുകളില്‍ മുള്ളുവേലി കെട്ടി കൂടുതല്‍ സുരക്ഷയൊരുക്കുന്നു. 55 സെന്റിലെ സെല്ലുകളും ചുറ്റുമതിലും കാലഹരണപ്പെട്ട നിലയിലാണ്.
റോഡിനോടു ചേര്‍ന്ന് കല്ലില്‍പണിത പുറംഭിത്തി പൊളിച്ചുപണിയാന്‍ പിഡബ്ല്യുഡിയില്‍നിന്ന് അനുമതി ലഭിക്കാതെ വന്നതോടെ മുകള്ഭാഗം പൊളിച്ചുപണിത് മൂന്നടി ഉയരത്തിലാണ് മുള്ളുവേലിയിടുന്നത്. 20 ലക്ഷം രൂപയാണ് ഇതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ജയില്‍ ചുറ്റുമതിലുകള്‍ക്ക് 12 മീറ്റര്‍ ഉയരം വേണമെന്നാണ് ചട്ടമെന്നിരിക്കെ കോട്ടയത്ത് ഉയരം മൂന്നര മീറ്റര്‍മാത്രം. 60 പ്രതികളെ പാര്‍പ്പിക്കാവുന്ന എട്ട് സെല്ലുകളാണ് ഇവിടെയുള്ളത്. നിലവില്‍ 140 പ്രതികളും 25 ജീവനക്കാരുമാണ് ഇവിടെയുള്ളത്. പകര്‍ച്ചവ്യാധിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനും ഇടമില്ല. ഏഴ് സ്ത്രീകളെ പാര്‍പ്പിക്കാവുന്ന ഇവിടെ നിലവില്‍ 12 വനിതാ തടവുകാരുണ്ട്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലാ ജയില്‍.
പാലാ, പൊന്‍കുന്നം സബ് ജയിലുകളിലും പരിമിതിയുള്ളതിനാല്‍ മാറ്റിപ്പാര്‍പ്പിക്കുക പ്രായോഗികമല്ല. നാട്ടകം സിമന്റ്സിന്റെ സ്ഥലം പുതിയ ജയില്‍ നിര്‍മാണത്തിന് പരിഗണിച്ചെങ്കിലും നടപടിയായില്ല. ചിങ്ങവനത്ത് സ്പോര്‍ട്സ് കോളജിനു കണ്ടെത്തിയ ഇലക്ട്രോ കെമിക്കല്‍സിന്റെ സ്ഥലം, മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി, വെള്ളൂര്‍ ന്യൂസ്പ്രിന്റ് വക സ്ഥലത്ത് അധികമുള്ള സ്ഥലം എന്നിവയാണ് പുതിയ ജയിലിനായി പരിഗണനയിലുള്ളത്.