പാലാ ടിബി റോഡ് തകര്‍ന്നു; അധികൃതർക്ക് കുലക്കമില്ല
1374530
Thursday, November 30, 2023 12:59 AM IST
പാലാ: പാലാക്കാരുടെ ആഘോഷദിനങ്ങളായ ജൂബിലിത്തിരുനാളും ളാലത്തുത്സവവും അടുത്തെത്തിയിട്ടും നഗരഹൃദയത്തിലെ പ്രധാന റോഡ് തകര്‍ന്നു കിടക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപം. ഈ റോഡില്‍ കാല്‍നടയാത്ര പോലും അസാധ്യമായി.
ഏറ്റുമാനൂര്‍ - പുഞ്ഞാര്‍ ഹൈവേയുടെ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് 500 മീറ്റര്‍ മാത്രമാണ് ടിബി റോഡിലേക്കുള്ളത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും നിരവധി കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയോടാണ് ഈ അവഗണനയെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു.
സമീപത്തെ ഉപറോഡുകളൊക്കെ പലപ്പോഴായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. പാലായിലെ ആദ്യകാലത്തെ ടിബിയിലേക്കുള്ള വഴിയാണിത്. കുണ്ടും കുഴിയിലും ചാടാതിരിക്കാന്‍ ഇരു ചക്രവാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടം പതിവാണ്. കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് കടന്നുപോകുന്നത്.
റോഡ് നന്നാക്കുമെന്ന് കൗണ്‍സിലറടക്കം നേരത്തേ അറിയിച്ചിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. മഴപെയ്താല്‍ വെള്ളക്കെട്ടും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ വ്യാപാരികളും പ്രതിഷേധം പലതവണ അറിയിച്ചിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. സിവില്‍ സ്റ്റേഷന്, സ്കൂളുകള്‍, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്കും പ്രസിദ്ധമായ ളാലം മഹാദേവ ക്ഷേത്രം, അമ്പലപ്പുറത്ത് ശ്രീ ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള വഴിയും ഇതുതന്നെ.
വലിയ ഗര്‍ത്തങ്ങളില്‍ ചാടിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ സിവില്‍ സ്റ്റേഷന് വഴി വാഹനങ്ങള്‍ കടന്നുവരുന്നതും ടിബി റോഡിലേക്കാണ്.