തിരികെ സ്കൂളിലേക്ക് കാമ്പയിൻ നവ്യാനുഭവമായി
1339947
Monday, October 2, 2023 2:18 AM IST
വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരികെ സ്കൂളിലേക്ക് കാമ്പയിൻ നവ്യാനുഭവമായി. വയോധികരടക്കമുള്ള കുടുംബശ്രീ വനിതകൾ വീണ്ടും ക്ലാസ് മുറികളിൽ വിദ്യാർഥികളായി എത്തിയപ്പോൾ തികച്ചും വിസ്മയഭരിതരായി.
അസംബ്ലിയോടെയാണ് ക്ലാസ് ആരംഭിച്ചത്. സാമ്പത്തിക ഉന്നമനത്തിനായി വനിതകളെ ശക്തീകരിക്കുന്നതിനായി നടന്ന അവബോധ ക്ലാസിൽ ഏറെ ജിജ്ഞാസയോടെയാണ് കുടുംബശ്രീ അംഗങ്ങൾ ഭാഗഭാക്കായത്. വൈക്കം തെക്കേനട ഗവൺമെന്റ് സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ രാധിക ശ്യാം ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ പരിധിയിലെ ഏഴ് സ്കൂളുകളിലാണ് കുടുംബശ്രീയംഗങ്ങൾക്ക് പരിശീലനം നടക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി. നവീൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, മെംബർ സെക്രട്ടറി തുളസിദാസ്, നഗരസഭ കൗൺസിലർ എ.സി. മണിയമ്മ, സിഡിഎസ് ചെയർപേഴ്സൺ സെൽബി ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.