ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
1339800
Sunday, October 1, 2023 11:41 PM IST
ജിബിന്‍ കുര്യന്
കോട്ടയം: പാലായ്ക്കടുത്തുള്ള ചക്കാമ്പുഴ എന്ന ഗ്രാമം ഇന്ന് ലോകം അറിയുന്നത് പ്ലാവുകളുടെ ഗ്രാമം എന്നാണ്. വൈവിധ്യമാര്‍ന്ന പ്ലാവ് ഇനങ്ങള്‍ക്കു വേണ്ടി ആത്മസമര്‍പ്പണം നടത്തി അവയെ പരിപാലിച്ച് പ്രിയമേറിയ ഭക്ഷ്യ വിഭവമാക്കുകയും പ്ലാവ് തൈകള്‍ ഉത്പാദിപ്പിച്ച് വിപണനത്തിനു തയാറാക്കുകയും ചെയ്യുകയാണ് ചക്കാമ്പുഴ കട്ടക്കയം വി.എ. തോമസ്.
വിഷം തീണ്ടാത്ത ഓരേയൊരു കായ്ഫലമായ ചക്ക വരും കാലത്തില്‍ ചോറിനു പകരമായുള്ള ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലില്‍നിന്നാണ് തോമസ് ചക്കയോടും പ്ലാവുകളോടും സ്നേഹം തുടങ്ങിയത്. ഇദ്ദേഹത്തിന്റെ ഒന്നരയേക്കര്‍ തോട്ടം നിറയെ പ്ലാവുകളാണ്. നാനൂറോളം വ്യത്യസ്തമായ പ്ലാവുകള്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
കേരളത്തിനകത്തും പുറത്തുനിന്നും നിരവധി പേരാണ് തോമസിന്റെ പ്ലാവിന് തൈകള്‍ തേടിയെത്തുന്നത്. തൈകള്‍ ഉത്പാദിപ്പിക്കുക മാത്രമല്ല ചക്ക ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കി വിപണനവും നടത്തുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഒന്നരയേക്കറിലെ റബര്‍ത്തോട്ടം വെട്ടിനീക്കി പ്ലാവുകള്‍ നട്ടത്. ഇപ്പോള്‍ നാലരയേക്കറോളം സ്ഥലത്തെ റബര്‍ വെട്ടിനീക്കി പ്ലാവും മാവും നട്ടിരിക്കുകയാണ്.
വ്യത്യസ്തത തേടി
വൈവിധ്യമാര്‍ന്നതും രുചികരവുമായ ചക്ക എവിടെയുണ്ടെങ്കിലും തോമസ് അവിടെയെത്തും. ചക്ക കൊണ്ടുവരുന്നതോടൊപ്പം പ്ലാവിന്റെ കമ്പുകളും കൊണ്ടുവരും. കമ്പുകള്‍ ബഡു ചെയ്തു മികച്ചയിനം പ്ലാവിന്റെ തൈയായി മാറ്റും. ചക്കയും കമ്പും കൊണ്ടുവരുന്ന സ്ഥലവും ചക്കയുടെ രുചിയും നിറവും നോക്കി ഇനത്തിനു പേരിടും. ചക്ക മുറിച്ചു വച്ച് ആളുകള്‍ തോമസേട്ടനായി കാത്തിരിക്കും.
അദ്ദേഹം എത്തി ചക്ക രുചിച്ചറിയും. പഴം കഴിച്ചും പച്ച പുഴുങ്ങിയുമാണ് രുചിയുടെ വൈവിധ്യം മനസിലാക്കുക. രുചിയില്‍ വ്യത്യസ്തത തോന്നിയാല്‍ അപ്പോള്‍ തന്നെ അതിന്റെ കമ്പുമായി വീട്ടിലെത്തും. പാകി മുളപ്പിച്ച് തൈകളില്‍ ഈ കമ്പുകള്‍ ബഡ് ചെയ്താണ് പുതിയ തൈകള്‍ ഉത്പാദിപ്പിക്കുന്നത്.
പ്ലാവുകളുടെ വൈവിധ്യം
എല്ലാ മാസവും കായ്ക്കുന്നത് മുതല്‍ ഓരോ സീസണില്‍ കായ്ക്കുന്നതും വിവിധ രുചികളിലുള്ളതും ഉള്‍പ്പെടെ പ്ലാവുകളുടെ വൈവിധ്യമാണ് തോമസിന്റെ ശേഖരത്തിലുള്ളത്. കേരളത്തിനു പുറത്തുനിന്നുള്ള പ്ലാവിനങ്ങളും തോമസിന്റെ ശേഖരത്തിലുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി. സ്ഥലപരിമിതിയുള്ളവര്‍ക്കും നട്ടുവളര്‍ത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. വര്‍ഷത്തില്‍ ആറു മാസവും ഇതില്‍ ചക്കയുണ്ടാകും.
ഡിസംബര്‍ മാസത്തില്‍ കായ്ക്കുന്ന മധുരമുള്ള ചക്കയാണ് ഡിസംബര്‍ ഹണി, വിളക്കിന് ചോട്ടില് വരിക്ക, ഒക്ടോബര്‍ വരിക്ക, ചുവപ്പ് നിറത്തിലുള്ള സിന്ദൂര വരിക്ക, ഫുട്ബോള്‍ ആകൃതിയുള്ള ഫുട്ബോള്‍ വരിക്ക ഇങ്ങനെ വെറൈറ്റി ഇനങ്ങള്‍ നിരവധിയാണ്. ചോക്ലേറ്റ് രുചിയുള്ള ചോക്ലേറ്റ് വരിക്ക, വെള്ളനിറത്തില്‍ ചക്കപ്പഴം ലഭിച്ച വെള്ളക്കൂഴ, ചകിണിയില്ലാത്ത ചക്കയുള്ള പ്ലാവ് ഇങ്ങനെ നീളുന്നു തോമസ് ചേട്ടന്റെ പറമ്പിലെ ചക്കയുടെ രുചിപ്പെരുമ. ഇതിനിടയില്‍ ആഞ്ഞിലിയില്‍ തൈ ബഡ് ചെയ്ത് തോമസ് ചേട്ടന് മറ്റൊരു ചക്ക വിപ്ലവവും നടത്തിയിരുന്നു.
ഉത്പാദനവും പരിപാലനവും
പ്ലാവിന് തൈകള്‍ ഉത്പാദിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേകതയുണ്ട്. പ്ലാവുകളുടെ കമ്പുകള്‍ ശേഖരിച്ച് കൂടത്തൈകളില്‍ ബഡ് ചെയ്തെടുക്കുകയാണ് പതിവ്. 30 അടി ഇടവിട്ട് കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തനതു വിളയായിട്ടാണ് തൈകള്‍ നടുന്നത്. ചെറുതൈകള്‍ക്ക് വേനല്‍ക്കാലത്ത് ജലസേചനം നല്കുന്നു. പുല്ലും പോതയുമാണ് പ്രധാന വളം. പച്ചപ്പുല്ല് വെട്ടി ചുവട്ടിലിട്ടു കൊടുത്താല്‍ തന്നെ പലവിധ രോഗങ്ങളില്‍നിന്നും ചക്കയെ സംരക്ഷിക്കാം. കൂടാതെ ചാണകവും നല്‍കും. എത്ര ചാണകം നല്കുന്നുവോ അത്രയും ചക്ക തരുമെന്നാണ് തോമസുചേട്ടന്റെ അഭിപ്രായം.
മൂല്യവർധിത ഉത്പന്നങ്ങളും
77-ാം വയസിലും ചുറുചുറുക്കോടെ കാര്‍ഷിക ജീവിതം നയിക്കുകയാണ് തോമസ്. ഇദ്ദേഹത്തിന്റെ ജാക് ഫ്രൂട്ട് ഫാം കാണാനും തൈകള്‍ വാങ്ങാനുമായി പല സ്ഥലങ്ങളില്‍നിന്നായി നിരവധി പേരാണ് ദിവസവും എത്തുന്നത്. കൂടാതെ ഡ്രയറില്‍ ഉണക്കിയ ചക്കപ്പഴവും പച്ചച്ചക്കയും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്.
പ്ലാവുകളെ സ്നേഹിച്ച് പരിപാലിക്കുന്ന തോമസേട്ടനെ തേടി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വ്യത്യസ്തയിനം പ്ലാവുകള്‍ നട്ടുവളര്‍ത്തിയതിന് യുആര്‍എഫ് ഏഷ്യന്‍ റിക്കാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ അടക്കം നിരവധി കാര്‍ഷിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പാലാ-രാമപുരം റൂട്ടില്‍ ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനില്‍നിന്നു കൊണ്ടാടിനുള്ള വഴിയിലാണ് ജാക്ഫ്രൂട്ട് പാരഡൈസ് സ്ഥിതി ചെയ്യുന്നത്.