റോഡിലെ കുഴി അടയ്ക്കാൻ ജയിംസിന് മടിയില്ല
1339745
Sunday, October 1, 2023 10:20 PM IST
എരുമേലി: നാടിന് ഉപകാരം നൽകാൻ ജയിംസ് ചേട്ടന് ഒരു മടിയുമില്ല. ആ സൗജന്യ സേവനം ഏറെയും പ്രകടമാകുന്നത് സ്വന്തം നാട്ടിലെ റോഡിൽ കുഴികൾ നികത്തിയാണ്. എരുമേലിയിൽ തുമരംപാറയിലാണ് നന്മ നിറഞ്ഞ പൊതുബോധത്തിന്റെ ഈ വേറിട്ട കാഴ്ച.
കനത്ത മഴയിൽ റോഡിലെ കുഴികൾ വലുതായപ്പോൾ ഇന്നലെ മഴ അൽപം ശമിക്കാൻ കാത്തിരിക്കുകയായിരുന്നു നാട്ടുകാരനായ പാട്ടംതുണ്ടത്തിൽ ജെയിംസ് (55). മഴ തോർന്നപ്പോൾ കയ്യിൽ ചെറിയ ചുറ്റിക എടുത്ത് റോഡിലേക്കിറങ്ങി. വഴിവക്കിൽ നിന്ന് കല്ലുകൾ പെറുക്കി എടുത്ത് റോഡിലെ കുഴികളിൽ ഇട്ട് കല്ലുകൾ ഇളകാതിരിക്കാൻ ചുറ്റിക വച്ച് അടിച്ചുറപ്പിച്ചു. ഒപ്പം വിടവുകളിൽ മണ്ണിട്ട് ഉറപ്പിച്ചു. ഇതിനിടെ അതുവഴി കടന്നുപോയ നാട്ടുകാർക്കാർക്കും അതിശയം തോന്നിയില്ല. കാരണം അവർക്ക് ഈ കാഴ്ച പുതുമയല്ലെന്നുള്ളതാണ്.
വീടിന് സമീപത്തെ പൊതുമരാമത്ത് റോഡിൽ പലപ്പോഴും ജെയിംസ് ചേട്ടൻ ഇങ്ങനെ സേവനനിരതനാകാറുണ്ട്. നിലവിൽ വലിയ തോതിൽ തകർന്ന തുമരംപാറ റോഡിൽ ഫണ്ട് അനുവദിച്ചിട്ടും പണികൾ നടന്നിട്ടില്ല. ഇതിൽ പ്രതിഷേധമായി ജനകീയ മാർച്ച് കഴിഞ്ഞയിടെ നടന്നിരുന്നു.