കോട്ടയം സഹോദയ സിബിഎസ്ഇ കലോത്സവം പാലാ ചാവറ പബ്ലിക് സ്കൂളിന്
1598931
Saturday, October 11, 2025 11:10 PM IST
ചങ്ങനാശേരി: കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തില്‍ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളില്‍ സംഘടിപ്പിച്ച സിബിഎസ്ഇ സ്കൂള്‍ കലോത്സവം സര്സംഗമം -2025ല്‍ പാല ചാവറ പബ്ലിക് സ്കൂള്‍ 928 പോയിന്റുകളോടെ ഓവറോള്‍ കിരീടം നേടി. രചനാ മത്സരത്തിലും കാറ്റഗറി 1, 4 വിഭാഗങ്ങളിലും മുന്നിലെത്തിയതോടെയാണ് ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്.
കോട്ടയം ലൂര്‍ദ് പബ്ലിക്ക് സ്കൂള്‍ ആൻഡ് ജൂണിയര്‍ കോളജ് 847 പോയിന്റുകളോടെ രണ്ടാം സ്ഥാനവും കാറ്റഗറി 3 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ആതിഥേയരായ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 680 പോയിന്റുകളോടെ മൂന്നാം സ്ഥാനവും ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍ കോട്ടയം 678 പോയിന്റുകളോടെ നാലാം സ്ഥാനവും നേടി. കളത്തിപ്പടി മരിയന്‍ സീനിയര്‍ സെന്‍ഡറി സ്കൂള്‍ 649 പോയിന്റുകളോടെ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
സെക്കന്‍ഡറി തലത്തില്‍ കീഴൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാലാ ചാവറ പബ്ലിക് സ്കൂള്‍ ഒന്നാമതെത്തി. സംഗീത വിഭാഗത്തിലും വാദ്യോപകരണ സംഗീത വിഭാഗത്തിലും കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂള്‍ ഒന്നാമതെത്തി.
പ്ലാസിഡ് സ്കൂള്‍ അങ്കണത്തില്‍ നടന്ന സമാപന സമ്മേളത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, പ്രശസ്ത സിനിമാതാരം കൃഷ്ണപ്രസാദ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. സഹോദയ സെക്രട്ടറി ആര്.സി. കവിത, ജനറല്‍ കണ്‍വീനറും പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പലുമായ ഫാ. സ്കറിയ എതിരേറ്റ് എന്നിവര്‍ പ്രസംഗിച്ചു.