വെയ്റ്റിംഗ് ഷെഡില്‍ കയറണോ? മൂക്കുപൊത്തണം
1598923
Saturday, October 11, 2025 11:10 PM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ടൗണിലെ പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡില്‍ കയറണമെങ്കില്‍ മൂക്കു പൊത്തേണ്ട ഗതികേടിലാണ് യാത്രക്കാര്‍. വെയ്റ്റിംഗ് ഷെഡിനോട് ചേര്‍ന്ന പഞ്ചായത്ത് വക ബില്‍ഡിംഗില്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതാണ് കാരണം. ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
അസഹ്യമായ ദുര്‍ഗന്ധമാണ് ടൗണിന്റെ ഹൃദയ ഭാഗമായ ഇവിടെ അനുഭവപ്പെടുന്നത്. വൈകുന്നേരമായാല്‍ വെയ്റ്റിംഗ് ഷെഡ് സാമൂഹ്യവിരുദ്ധര്‍ കൈയടക്കുകയാണ്. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പുറത്തുനില്‍ക്കുകയാണ് ചെയ്യുന്നത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാര്‍ക്ക് ചില ദിവസങ്ങളില്‍ പൂരപ്പാട്ടും തെറിവിളിയും കേള്‍ക്കേണ്ടതായും വരുന്നു.
പഞ്ചായത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യാപാരികളുടെ കാര്യമാണ് ഏറെ കഷ്ടം. സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ഇവര്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ കഴിയുന്നില്ല. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധിത്തവണ പരാതികള്‍ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.