പൂഞ്ഞാർ നിയോജക മണ്ഡലം ജലജീവൻ മിഷൻ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക്
1339737
Sunday, October 1, 2023 10:20 PM IST
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യം വച്ച് സംസ്ഥാന ജലവിഭവകുപ്പിന് കീഴിൽ കേരള വാട്ടർ അഥോറിറ്റി മുഖേന നടപ്പിലാക്കുന്ന ആയിരത്തിൽ പരം കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് എത്തിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ജലജീവൻ മിഷൻ പദ്ധതി ഗ്രാമപ്രദേശങ്ങൾക്ക് മാത്രമുള്ളതായതിനാൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭാ പ്രദേശം ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നഗരസഭയ്ക്കു വേണ്ടി അമൃത് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലും സമ്പൂർണ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തും.
ജലജീൻ മിഷൻ പദ്ധതി പ്രകാരം പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ മലങ്കര ഡാമിൽ നിന്നും ജലം സംഭരിച്ചാണ് ശുദ്ധജല വിതരണം നടത്തുക. മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിൽ മണിമലയാറ്റിൽ വെള്ളനാടി മൂരിക്കയത്തോടനുബന്ധിച്ച് ചെക്ക് ഡാം നിർമിച്ചും പാറത്തോട് പഞ്ചായത്തിൽ മണിമലയാറ്റിലെ മന്നാംന്തല വലിയ കയത്തിൽ നിന്നു ജലം ശേഖരിച്ചും ശുദ്ധജലവിതരണം നടത്തും. എരുമേലി പഞ്ചായത്തിലെ ജലവിതരണത്തിന് പമ്പയാറ്റിലെ പെരുന്തേനരുവിയിലെ ചെക്ക് ഡാമാണ് ജലസ്രോതസ്.
പൂഞ്ഞാർ പഞ്ചായത്തിൽ 46.31 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. 4300 ൽ പരം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിക്കായി അഞ്ചിടത്തായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
തിടനാട് പഞ്ചായത്തിൽ 79.3 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭ്യമായിട്ടുള്ളത്. ഇവിടെ ആറായിരത്തിൽ പരം വീടുകളിൽ ഹൗസ് കണക്ഷനുകൾ നൽകും. തിടനാട് പഞ്ചായത്തിൽ മാടമല, ചാണകക്കുളം എന്നീ പ്രദേശങ്ങളിലായി 23 സെന്റ് സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തു. നിർമാണ പ്രവർത്തികൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുമുണ്ട്.
തീക്കോയി പഞ്ചായത്തിൽ 94.08 കോടി രൂപയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത് 4300 പരം വീടുകൾക്ക് കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്ക് 18 ഇടങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 12 പ്രദേശങ്ങളിൽ സ്ഥല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. തീക്കോയി പഞ്ചായത്തിലെ പദ്ധതി നടത്തിപ്പിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ134.73 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. 4700ൽ പരം വീടുകളിൽ കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്ക് 25 പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കണം. ഇതിൽ ഏതാനും സ്ഥലങ്ങളുടെ ലഭ്യത ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്. വെട്ടിപ്പറമ്പിൽ 30 സെന്റ് സ്ഥലത്ത് 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്ക് നിർമിച്ച് ഇവിടെ നിന്നാണ് പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തീക്കോയി, തിടനാട് കൂട്ടിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം നടത്തുക. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെയും പദ്ധതി നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ 85.13 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. 5300ൽ പരം വീടുകളിൽ ഹൗസ് കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്കായി 25 പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കണം. പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
പാറത്തോട് പഞ്ചായത്തിൽ 58.32 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. 6200 ൽ പരം വീടുകളിൽ കണക്ഷൻ നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിക്കായി അഞ്ച് സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകൾക്ക് വേണ്ടി നടപ്പാക്കുന്ന സംയുക്ത പദ്ധതിക്ക് 251.21 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 19,000 ത്തിൽ പരം കണക്ഷനുകൾ ലക്ഷ്യം വയ്ക്കുന്ന ഈ പദ്ധതിക്കായി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നു സൗജന്യമായി ലഭ്യമായ 63 സെന്റ് സ്ഥലത്ത് നിർമിക്കുന്ന 90 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ ജലം ശുദ്ധീകരിച്ച് വിതരണ പൈപ്പുകൾ വഴി വീടുകളിൽ ജലം എത്തിക്കും. ഈ പദ്ധതിയുടെ നടത്തിപ്പിനായിട്ടുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
എരുമേലി ഗ്രാമപഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. 250 കോടിയിൽ പരം രൂപ അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതിയിലൂടെ 15000ത്തിൽ പരം കണക്ഷനുകളാണ് നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ അയ്യായിരത്തോളം കണക്ഷനുകൾ ഇതിനോടകം നൽകി കഴിഞ്ഞു. നൽകിയ കണക്ഷനുകൾ വഴി ഇപ്പോൾ ജലവിതരണം നടന്നുവരുന്നുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരണ ലക്ഷ്യത്തോട് അടുക്കുകയാണ്.
എല്ലാ വീട്ടിലും കുടിവെള്ളം എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കി വരുന്ന ഈ സമ്പൂർണ ശുദ്ധജല വിതരണ പദ്ധതി 2025ാടുകൂടി പൂർത്തീകരിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എഴുപതിനായിരത്തോളം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.