അമ്മയെ ചവിട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ചനിലയില്‍
1339651
Sunday, October 1, 2023 6:24 AM IST
വാകത്താനം: അമ്മയെ ചവിട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോയില്‍ കെട്ടിയ കയറിന്റെ അറ്റം കഴുത്തില്‍ കുടുക്കിട്ട് പാലത്തില്‍നിന്നും ചാടുകയായിരുന്നു.
പനച്ചിക്കാട്, പാതിയപ്പള്ളി കടവിന് സമീപം തെക്കേക്കുറ്റ് ബിജു (52)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വാകത്താനം പള്ളിക്കു സമീപമുള്ള ഉദിക്കല്‍ പാലത്തില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
2022 ജനുവരി ഒന്നിന് ഓട്ടോ ഡ്രൈവറായ ബിജുവിനെ, അമ്മ സതി(80) മരണപ്പെട്ട കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം കിട്ടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വീണു പരിക്കേറ്റതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മ സതിയെ 2022ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ മരിച്ച സതിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നെങ്കിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച ചിങ്ങവനം പോലീസിനു സംശയം തോന്നുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയുമായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും നെഞ്ചിനേറ്റ പരിക്ക് ചവിട്ടേറ്റ് ഉണ്ടായതാണെന്ന് തെളിഞ്ഞതോടെ മകന് ബിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.