എസി കനാലിലെയും ഉപകനാലുകളിലെയും പോളനീക്കലിനു തുടക്കമായി
1339637
Sunday, October 1, 2023 6:23 AM IST
ചങ്ങനാശേരി: എസി കനാലിലെയും ഉപകനാലുകളിലെയും പോള നീക്കല്‍ പദ്ധതി ആരംഭിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ശ്രമഫലമായി കുട്ടനാട് പാക്കേജിലെ ഇന്‍ലാൻഡ് നാവിഗേഷന്‍ പദ്ധതിയില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പോള നീക്കല്‍ ജോലികള്‍ നടപ്പിലാക്കുന്നത്. മനയ്ക്കച്ചിറ മുതല്‍ പൂവം പാലം വരെ ഉപകനാലുകൾ ഉള്‍പ്പെടെ ഏകദേശം രണ്ടരക്കിലോമീറ്റര്‍ ദൂരത്തിലുള്ള പോളയാണ് നീക്കം ചെയ്യുന്നത്.
എസി കനാലിന്റെ വശങ്ങളിലുള്ള പെരുമ്പുഴക്കടവ്, വേട്ടടി, പാറയ്ക്കല്‍ തുടങ്ങിയ ഉപകനാലുകളിലെ പോളയും നീക്കുന്ന ജോലികള്‍ കൂടിയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പോള നീക്കം ചെയ്യുന്നതു നീരൊഴുക്ക് സുഗമമാകുന്നതിനു സഹായകരമാകും. പോളനീക്കത്തിന് ഏകദേശം രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ കരുതുന്നത്. എസി കനാലിലെ പോള നീക്കം ചെയ്യാതിരുന്നതുമൂലം കഴിഞ്ഞ വര്‍ഷങ്ങളിലായി ജലോത്സവവും തടസപ്പെട്ടിരിക്കുകയാണ്. കനാലില്‍ തിങ്ങി നിറഞ്ഞ പോളയും മാലിന്യങ്ങളും കാട്ടുചെടികളും നീക്കം ചെയ്യല്‍ ശ്രമകരമായ ജോലി തന്നെയാണ്.
പോള നീക്കല്‍ ജോലികള്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോള നീക്കത്തിന് ശാശ്വത മാര്‍ഗം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് എംഎല്‍എ പറഞ്ഞു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, വാര്‍ഡ് മെംബര്‍ ജയന്, ജലോത്സവ സമിതി അംഗങ്ങളായ ആര്‍ട്ടിസ്റ്റ് ദാസ്, സിബി അറയ്ക്കത്തറ, കെ.ജെ. കൊച്ചുമോന്, മേജര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നിഷാ ദാസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ജോജു തുടങ്ങിയവര്‍ പ്രസംഗിച്ചു.