ദേശീയപാതയിലേക്ക് മരം കടപുഴകി വീണു: രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെട്ടു
1339508
Sunday, October 1, 2023 12:37 AM IST
പൊൻകുന്നം: ദേശീയപാതയിലേക്ക് കൂറ്റൻ തണൽമരം മഴയത്ത് കടപുഴകി വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ാടെ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം നിന്ന തണൽ മരമാണ് കടപുഴകി വീണത്. കാൽനടയാത്രക്കാർ ആരുമില്ലാതിരുന്നതും വാഹനങ്ങളൊന്നും എത്താതിരുന്നതും ഭാഗ്യമായി.
എതിർവശത്ത് കടകളില്ലാത്ത ഭാഗത്തേക്കാണ് വീണത്. ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അരികിലേക്കാണ് മരത്തിന്റെ അഗ്രഭാഗമെത്തിയത്.രണ്ടുമണിക്കൂറിലേറെ നേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
മറ്റ് വഴികളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി വൈകുന്നേരം നാലോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.
നാലുമണിക്കൂറിലേറെ പൊൻകുന്നം ടൗണിൽ വൈദ്യുതി വിതരണവും നിലച്ചു. ഇവിടെ ഇതിന് മുന്പും മരങ്ങൾ റോഡിലേക്ക് വീണ് അപകടമുണ്ടായിട്ടുണ്ട്.