ചിരിക്കിലുക്കവുമായി കുരുന്നുകള്‍ അങ്കണവാടിയിലെത്തി
1298644
Wednesday, May 31, 2023 2:14 AM IST
കോട്ടയം: അറിവിന്റെ ലോകത്തേക്ക് കളിച്ചും ചിരിച്ചും കിണുങ്ങിയും പിണുങ്ങിയും പിച്ചവച്ച് ആയിരങ്ങള്‍ എത്തിയതോടെ അങ്കണവാടി പ്രവേശനോത്സവം ആഘോഷമായി മാറി.
ജില്ലയിലെ എല്ലാ അങ്കണവാടികളിലും ചിരിക്കിലുക്കം എന്ന പേരില്‍ പ്രവേശനോത്സവത്തോടെയാണ് പഠന വര്‍ഷത്തിനു തുടക്കമായത്. ഇരുപതിനായിരത്തോളം കുട്ടികളാണ് ഈ വര്‍ഷം ജില്ലയിലെ 2,050 അങ്കണവാടികളില്‍ പ്രവേശനം നേടിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി ചായം പൂശിയും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്ട്ടൂണുകള് വരച്ചും അങ്കണവാടികള്‍ മനോഹരമാക്കിയിരുന്നു. ഓരോ പഞ്ചായത്തിലും മാതൃകാ അങ്കണവാടികളുമുണ്ടായിരുന്നു.
ആദ്യദിനം അങ്കണവാടിയിലെത്തിയ കുട്ടികളെ മധുരപാനീയങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. മാന്പഴം, പൈനാപ്പിള്‍, തണ്ണിമത്തന്, ചെമ്പരത്തി ജ്യൂസുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. പുളിയും മധുരവും നിറഞ്ഞ ജ്യൂസുകള്‍ കുട്ടികള്‍ ഇഷ്ടത്തോടെ അകത്താക്കി. ചെറു ധാന്യങ്ങളായ റാഗി, തിന എന്നിവ ഉപയോഗിച്ചുള്ള ലഡുവുമുണ്ടായിരുന്നു. ചില അങ്കണവാടികളില്‍ കേക്ക്, ലഡു, പായസം എന്നിവയായിരുന്നു മധുരത്തിനായി തെരഞ്ഞെടുത്തത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് മാതാപിതാക്കളെ പങ്കെടുപ്പിച്ച് അങ്കണകൂട്ടം എന്ന പരിപാടിയും നടന്നു. സസ്നേഹം എന്ന പേരില്‍ ഗൃഹ സന്ദര്‍ശനം നടത്തി സമ്മാന പൊതികളും പഠനോപകരണങ്ങളും നല്‍കിയാണ് കുട്ടികളെ അങ്കണവാടിയിലേക്ക് ക്ഷണിച്ചത്. മൂന്നു മുതല്‍ ആറുവയസുവരെയുള്ള കുട്ടികളാണ് അങ്കണവാടിയിലെത്തുന്നത്.