വിസ്മയക്കാഴ്ചകള്‍ ആവേശമായി! എക്സിബിഷന് നഗറില്‍ തിരക്കോടുതിരക്ക്; പ്രദര്‍ശനം നാളെ സമാപിക്കും
1224589
Sunday, September 25, 2022 1:01 AM IST
ചങ്ങനാശേരി: ഹര്‍ത്താലിന്റെ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച സംവിത് എക്സിബിഷനില്‍ വന്‍ ജനത്തിരക്ക്. എസ്ബി കോളജ് കാമ്പസില്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ സൂചികുത്താനിടമില്ലായിരുന്നു. എക്സിബിഷന് തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ ജനത്തിരക്ക് ഇന്നലെയാണ് അനുഭവപ്പെട്ടത്. പതിനായിരത്തിലധികം സ്കൂള്‍ കുട്ടികള്‍ മാത്രം എക്സിബിഷന് കാണാനെത്തി. വൈകുന്നേരം കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന കുടുംബങ്ങളുടെ ഇടവേളയില്ലാത്ത തിരക്കാണ് കാണാനായത്. അവധി ദിനമായതിനാല്‍ വന്‍ജനാവലിയെ ഇന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രദര്‍ശനം നാളെ വൈകുന്നേരം സമാപിക്കും.
സിര്‍സി അടയ്ക്ക മുതല്‍ തഞ്ചാവൂര്‍ പാവ വരെ
എസ്ബി കോളജില്‍ നടന്നുവരുന്ന സംവിത് എക്സിബിഷന് സ്റ്റാളുകളില്‍ സിര്‍സി അടയ്ക്ക മുതല്‍ തഞ്ചാവൂര്‍ പാവ വരെ. സുഗന്ധവ്യഞ്ജനങ്ങള്‍ക്കു റാണിയും രാജാവും പരിവാരങ്ങളും ഉണ്ടെങ്കിലും മലബാര്‍ കുരുമുളക് രാജാക്കന്മാര്ക്കിടയിലെ മുടിചൂടാമന്നന്നാണ്. എരിവും വീര്യവും കൂടും. ആകൃതി കണ്ടാലും അതിഗംഭീരം. ചില നാടുകളുടെ പേരില്‍ ചില ഉത്പന്നങ്ങള്‍ പ്രശസ്തമാകാറുണ്ട്. അത്തരം ചില ഉത്പന്നങ്ങളെ നിങ്ങള്‍ക്കു കൊമേഴ്സ് സ്റ്റാളില്‍ കാണാം. അതിലൊന്നാണ് ചെങ്ങാലിക്കോടന് നേന്ത്രന്. വാഴക്കുളം പൈനാപ്പിളും ആറന്മുള കണ്ണാടിയും കൂട്ടത്തിലുണ്ട്. കേരളത്തിനു വെളിയിലുള്ള ഇത്തരം ഉത്പന്നങ്ങളും സ്റ്റാളില്‍ അണിനിരത്തിയിരിക്കുന്നു.
ചെര്‍പ്പുളശേരിയുടെ മാജിക് കാണാന്‍ ഇന്നും അവസരം
ഷംസുദ്ദീന് ചെര്‍പ്പുളശേരിയുടെ ഗ്രേറ്റ് ഇന്ത്യന്‍ മാംഗോ ട്രീ ജനശ്രദ്ധ നേടിയതിനാല്‍ ഈ പ്രദര്‍ശനം ഇന്നു വൈകുന്നേരവും 5.45ന് എക്സിബിഷന് നഗറില്‍ അരങ്ങേറും. ഇന്നലെ കാണാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
എക്സിബിഷന് നഗറില്‍ ഇന്ന്
വൈകുന്നേരം 5.15ന് കോട്ടയം സിനര്‍ജിയുടെ കോല്‍ക്കളി, 6.45 കലാസന്ധ്യ. സ്റ്റാര്‍ സിംഗര്‍ ഫെയിം അഭിലാഷ് ഉദ്ഘാടനം ചെയ്യും. കൊമേഴ്സ്, സൈക്കോളജി വിഭാഗം വിദ്യാര്‍ഥികള്‍ കലാസന്ധ്യ അവതരിപ്പിക്കും. തുടര്‍ന്ന് മലയാളം വിഭാഗം പൊലിക നാട്ടരങ്ങ് അവതരിപ്പിക്കും.
4000 വര്‍ഷം പഴക്കമുള്ള ദോക്ര കുഴല്‍ ശ്രദ്ധേയം
4000 വര്‍ഷം പഴക്കമുള്ള ദോക്ര കുഴലാണ് ശ്രദ്ധേയമായ ഒരു ഐറ്റം. 4000 വർഷം പഴക്കമുള്ള നിര്‍മാണ സാങ്കേതികവിദ്യയാണ് ഇത്. കാറ്റടിക്കുമ്പോള്‍ നൃത്തം ചെയ്യുന്ന തഞ്ചാവൂര്‍ പാവയും ആന്ധ്രപ്രദേശിലെ എത്തിക്കോപ്പ പാവകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അങ്ങനെ ആയിരക്കണക്കിനു കരകൗശല, കൗതുക വസ്തുക്കള്‍ കൊമേഴ്സ്യന് സ്റ്റാളുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
നേവിയുടെ ബാന്‍ഡ് ഇമ്പകരമായി
ഇന്ത്യന്‍ നേവിയുടെ ബാന്‍ഡ്മേളം സംവിത് നഗരിയെ ഹൃദ്യമാക്കി. കൊച്ചിന് നേവല്‍ ബേസിലെ പട്ടാളക്കാരാണ് ബാന്‍ഡ് അവതരിപ്പിച്ചത്. ചെങ്ങന്നൂര്‍ പണിക്കേഴ്സ് കളരി അവതരിപ്പിച്ച കളരിപ്പയറ്റ് കാണാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എസ്ബിയുടെ പ്രശസ്തമായ ടവർ അങ്കണത്തലാണ് വിവിധ കലാപരിപാടികള്‍ അരങ്ങുണര്‍ത്തുന്നത്.