എസ്ബിടി 80-ാം സ്ഥാപകദിനാഘോഷം നാളെ
1590873
Thursday, September 11, 2025 11:55 PM IST
കോട്ടയം: എസ്ബിഐയില്‍ 2017ല്‍ ലയിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 80-ാം സ്ഥാപകദിനവും എസ്ബിടിയില്‍ സേവനമാരംഭിച്ചവരുടെ നാലാമതു സംഗമവും നാളെ കോട്ടയം ലൂര്‍ദ് അരീന ഓഡിറ്റോറിയത്തില്‍ നടക്കും.
എസ്ബിടി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സേവനം ചെയ്തവരും എസ്ബിഐയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നവരുമാണ് സംഗമത്തില്‍ പങ്കെടുക്കുക. നാളെ രാവിലെ 80 ദീപങ്ങളുടെ ശോഭയില്‍ ജന്മദിന കേക്ക് മുറിച്ചാണ് ആരംഭിക്കുന്നത്. ചലച്ചിത സംവിധായകന് ജയരാജ് സംഗമം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന് ടി.കെ. രാജീവ്കുമാര്‍ മുഖ്യാതിഥിയായിരിക്കും.
ആതുരസേവന രംഗത്ത് അര്‍ഹരായവര്‍ക്ക് സഹായം നല്കുവാനുള്ള പലതുള്ളി പദ്ധതി സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയ്ക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ നേടിയ ചെമ്മീന്‍ സിനിമയുടെ സ്മരണയും സംഗമവേദിയില്‍ നടക്കും.
ചെമ്മീന്‍ സിനിമയില്‍ പരീക്കുട്ടിയെ അവതരിപ്പിച്ച നടന് മധു ആമുഖ സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരായ അംഗങ്ങളെ ആദരിക്കും. പത്രസമ്മേളനത്തില്‍ അനിയന് മാത്യു, ജിജി കോശി ജോര്‍ജ്, സിബി ചാണ്ടി, ബിനോയ് മാത്യു പോള്‍ എന്നിവര്‍ പങ്കെടുത്തു.