ഇടക്കുന്നം ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യകേന്ദ്രം നിർമാണോദ്ഘാടനവും
1590865
Thursday, September 11, 2025 11:55 PM IST
കാഞ്ഞിരപ്പള്ളി: ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും നാളെ വൈകുന്നേരം 4.30ന് സഹകരണം - തുറമുഖം - ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കായകൽപ്പ് അവാർഡ്, എൻക്യുഎഎസ് അംഗീകാരം എന്നിവ നേടിയ പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ആദരവും നൽകും.
പാറത്തോട് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപയും ദേശീയ ആരോഗ്യമിഷൻ ഫണ്ടിൽ നിന്നുള്ള ഏഴു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇടക്കുന്നത്തെ ജനകീയ ആരോഗ്യ കേന്ദ്രം നവീകരിച്ചിരിക്കുന്നത്. ഗർഭിണികൾക്കുള്ള പരിശോധന, കുട്ടികൾക്കുള്ള കുത്തിവയ്പ്പ്, ജീവിതശൈലീ രോഗങ്ങൾക്കുള്ള ക്ലിനിക് മുതലായവയാണ് ജനകീയാരോഗ്യകേന്ദ്രത്തിലുള്ളത്.
ജൂണിയർ ഹെൽത്ത് ഇൻസ് പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രോവൈഡർ എന്നിവരുടെ സേവനവും ലഭ്യമാകും.
പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലാണ് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം നിർമിക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തിൽ നിന്നുള്ള ഹെൽത്ത് ഗ്രാൻഡിൽ നിന്നുള്ള 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.