പൂഞ്ഞാറിൽ അപകടക്കെണിയായി നടപ്പാലം
1590870
Thursday, September 11, 2025 11:55 PM IST
പൂഞ്ഞാർ: അപകടക്കെണിയായി നടപ്പാലം. കഴിഞ്ഞദിവസം ഒരു വയോധികൻ പാലത്തിൽനിന്ന് വീണ് മരിച്ചു. ഏതാനും വർഷം മുൻപ് ബൈക്ക് യാത്രികനായ യുവാവ് പാലത്തിൽനിന്നു വീണ് മരിച്ചിരുന്നു.
മീനച്ചിലാറിനു കുറുകെയുള്ള പഴൂര്കടവ് നടപ്പാലത്തിന് കൈവരികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പനച്ചിപ്പാറ-പടിക്കമുറ്റം-പെരുന്നിലം റോഡിലാണു മീനച്ചിലാറിന് കുറുകെ അഞ്ച് അടി മാത്രം വീതിയുള്ള നടപ്പാലമുള്ളത്.
നടപ്പാലം നിർമിച്ചപ്പോഴുണ്ടായിരുന്ന കൈവരി കാലപ്പഴക്കത്തിൽ നശിച്ചുപോയി. കൈവരി ഇല്ലാത്ത നടപ്പാലത്തിലൂടെയാണ് സ്കൂൾ കുട്ടികൾ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിക്കുന്നത്. എസ്എംവി സ്കൂളിലേക്കും ഗവൺമെന്റ് എല്‍പി സ്കൂളിലേക്കും പെരുന്നിലം ഭാഗത്തുനിന്നുള്ള നൂറുകണക്കിനു കുട്ടികളാണ് ദിവസേന ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. കുട്ടികള്‍ മാത്രമല്ല, രക്ഷിതാക്കളും നാട്ടുകാരും നടന്നും ബൈക്കിലും ഓട്ടോയിലുമായി പാലത്തിലൂടെയാണ് പോകുന്നത്.
മീനിച്ചിലാറ്റില്‍ വെള്ളം ഉയരുമ്പോള്‍ നടപ്പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകും. അപ്പോള്‍ വളരെയധികം ദൂരം ചുറ്റി കാവുംകടവ് പാലത്തിലൂടെ വേണം മീനച്ചിലാറിന്റെ മറുകരയിലുള്ളവര്‍ പനച്ചിപ്പാറയിലെത്താന്. അതിനാല്‍ പഴൂര്കടവ് നടപ്പാലത്തിന് കൈവരി നിര്‍മിക്കുകയോ വാഹനഗതാഗതം സാധ്യമാകുന്ന ഉയര്‍ന്നു നില്ക്കുന്ന പാലം നിര്‍മിക്കുകയോ ചെയതാല്‍ സുരക്ഷിതമായി പൂഞ്ഞാറില്‍ എത്താന്‍ സാധിക്കും.
1987ല്‍ പഞ്ചായത്തിന്റെ തുക ഉപയോഗിച്ചു നാട്ടുകാര്‍ ശ്രമദാനമായി നിര്‍മിച്ചതാണ് പാലം. നടപ്പാലമായി പണിതതുകൊണ്ട് വീതി കുറഞ്ഞ പാലത്തില്‍കൂടി ഓട്ടോറിക്ഷകള്‍ കഷ്ടിച്ചാണ് കടന്നുപോകുന്നത്. കൈവരികള്‍ ഇല്ലാത്ത പാലത്തില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട സാഹചര്യവും ഉണ്ട്. ബൈക്ക് ആറ്റിലേക്കു വീണു മരണവും ഇവിടെ ഉണ്ടായിട്ടുണ്ട്.
മഴക്കാലത്തു പാലത്തില്‍ വെള്ളം കയറിയും ചപ്പു ചവറുകളും മരങ്ങളും തടഞ്ഞുമാണ് കൈവരികള്‍ തകര്‍ന്നത്. വീതിയുള്ള പാലം നിര്‍മിച്ചാല്‍ പൂഞ്ഞാര്‍ ഭാഗത്തുനിന്നു ചേന്നാട് ഭാഗത്തേക്കുള്ള എളുപ്പ മാര്‍ഗമാവും. നടപ്പാലം പൊളിച്ചു വീതി കൂട്ടി പുതിയ പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.