ആമക്കുന്ന് പാലം നിർമാണം 15ന്
1590857
Thursday, September 11, 2025 10:44 PM IST
എരുമേലി: എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ പുനർനിർമാണം 15ന് തുടങ്ങും. മണ്ണിന്റെ ഉറപ്പ് പരിശോധനയാണ് 15ന് ആരംഭിക്കുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ 45 ദിവസങ്ങൾക്കകം പുതിയ പാലത്തിന്റെ ജോലികൾ പൂർത്തിയാക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. എരുമേലി ടൗണിൽ സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി റോഡിൽനിന്നും വാഴക്കാലാ വാർഡിലെ ആമക്കുന്നിലേക്ക് പ്രവേശിക്കുന്നിടത്ത് വലിയതോടിനു കുറുകെയാണ് ആമക്കുന്ന് പാലം. 45 വർഷം മുമ്പാണ് ഈ പാലം നിർമിച്ചത്.
ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി, വാർഡ് അംഗം ജെസ്ന നജീബ്, പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ, കരാറുകാരൻ ഉൾപ്പടെയുള്ള സംഘം പാലം സന്ദർശിക്കുകയും നിർമാണം ആരംഭിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.
പാലം പൊളിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കേണ്ടി വരുമെങ്കിലും ആളുകൾക്ക് നടന്നുപോകാവുന്ന താത്കാലിക നടപ്പാലം നിർമിക്കണമെന്ന് എംഎൽഎ നിർദേശം നൽകി. മണ്ണിന്റെ ഉറപ്പുപരിശോധന കഴിയുന്നതോടെ പാലം പൊളിച്ചുമാറ്റി പുനർ നിർമാണം തുടങ്ങും. മഴ പ്രശ്നമായില്ലെങ്കിൽ ഇത്തവണത്തെ ശബരിമല സീസണിനു മുമ്പ് നിർമാണം പൂർത്തിയാക്കി പുതിയ പാലം തുറന്നു നൽകാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇരുനൂറില്‍ കൂടുതല്‍ വീടുകളുള്ള ആമക്കുന്ന് ഭാഗത്ത് ചെറിയ വാഹനങ്ങളും ഭാരവാഹനങ്ങളും ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്നത് അപകടകരമായ ഈ പാലത്തിലൂടെയാണ്. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ അപകട ഭീതിക്ക് വിരാമമാകും.