എപിസിസിഎം ദേശീയ സമ്മേളനം ഇന്നാരംഭിക്കും
1590872
Thursday, September 11, 2025 11:55 PM IST
കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്റെ (എപിസിസിഎം) 26-ാം ദേശീയ സമ്മേളനം പള്‍മോകോണ്‍ 2025 ഇന്നു മുതല്‍ 14 വരെ കുമരകത്ത് നടക്കും.
കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം ഇന്ത്യന്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്യും.
സുവനീറിന്റെ പ്രകാശനം അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. ടി.ആര്. രാധയും സുവനീര്‍ എഡിറ്റര്‍ ഡോ. ജെയ്സി തോമസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കോട്ടയം ഘടകം പ്രസിഡന്റ് കെ. രാജലക്ഷ്മിക്ക് ആദ്യ പ്രതി നല്കി നിര്‍വഹിക്കും.
ആസ്ത്മ, ദീര്‍ഘകാല ശ്വാസതടസം (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്- സിഒപിഡി), ശ്വാസകോശ അര്‍ബുദം, ശ്വാസകോശങ്ങള്‍ ദ്രവിച്ചുപോകുന്ന ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ശ്വാസകോശ രോഗ നിര്‍ണയത്തിലും ചികിത്സയിലും നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തല്‍, വര്‍ധിച്ചു വരുന്ന ശ്വാസകോശ അണുബാധകള്‍, ലിവിംഗ് വില്‍ തുടങ്ങിയ പുതിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും.
പ്രമുഖ ശ്വാസകോശ വിദഗ്ധന്‍ ഡോ. എസ്.കെ. കട്ടിയാര്‍ (കാണ്‍പൂര്‍), നാഷണല്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സ് പ്രതിനിധി ഡോ. നിഖില്‍ സാരംഗ്ധര് (മുംബൈ), മുന്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. എന്‍. സുദയകുമാര്‍ (കോട്ടയം), പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകനും ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ബി. പത്മകുമാര്‍ എന്നിവര്‍ക്ക് പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ഡോ. കുര്യന് ഉമ്മന്‍, സെക്രട്ടറി ഡോ. പി.എസ്. ഷാജഹാന്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. സുകുമാരന്‍, ഡോ. പി. രേഖ, ഡോ. എം. മിഥുന് എന്നിവര്‍ പങ്കെടുത്തു.