ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതിക്ക് ടെൻഡർ; നഗരസഭയിൽ മുഴുവൻ വീടുകളിലേക്കും വെള്ളം
1590867
Thursday, September 11, 2025 11:55 PM IST
ഈരാറ്റുപേട്ട: ഇരാറ്റുപേട്ട നഗരസഭാ പരിധിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കുടിവെള്ള പദ്ധതിക്ക് ടെൻഡർ ഉറപ്പിച്ചു. കേരള വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ അമൃത് പദ്ധതിയിൽപ്പെടുത്തിയാണ്
20 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. മലങ്കര ഡാമിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. ഇതിനായി തേവരുപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് പത്തു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമിക്കും.
1500 കണക്ഷനുകൾ
നഗരസഭാ പരിധിക്കുള്ളിൽ 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിക്കും. ഇതുവഴി 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകും. ഇതുവഴി നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും 19 മുതൽ 25 വരെയുമുള്ള വാർഡുകളിലാണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അഥോറിറ്റിയുടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷൻ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. അതിനു കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു.
24 മണിക്കൂറും വെള്ളം
മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമാണം പൂർത്തീകരിക്കുന്ന ജലശുദ്ധീകരണശാലയിൽനിന്നു ശുദ്ധീകരിച്ച വെള്ളം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് എത്തിക്കാൻ വെട്ടിപ്പറമ്പിൽ നിർമിച്ചുകൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിംഗ് മെയിൻ പൈപ്പിൽനിന്ന് 300 എംഎം വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം അമൃത് പദ്ധതിയിലേക്ക് എത്തിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കാൻ അടിസ്ഥാന സൗകര്യം ഒരുങ്ങും. അടുത്ത മാസത്തോടുകൂടി നിർമാണം തുടങ്ങുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.