റീവാല്യുവേഷൻ മാര്‍ക്ക് ഉള്‍പ്പെടുത്തിയ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
1590871
Thursday, September 11, 2025 11:55 PM IST
ചങ്ങനാശേരി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ റീവാല്യുവേഷനിലൂടെ കൂടുതല്‍ ലഭിച്ച മാര്‍ക്ക് ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. മേയിൽ ഹയര്‍സെക്കന്‍ഡറി റിസള്‍ട്ടും ജൂണില്‍ റീവാല്യുവേഷന്റെ റിസള്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ആദ്യം ലഭിച്ച മാര്‍ക്ക്ലിസ്റ്റും റീവാല്യുവേഷനില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതായി സൈറ്റില്‍ വന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും വിദ്യാര്‍ഥി പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും ചേര്‍ത്തുള്ള അപേക്ഷ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് അയച്ചിട്ട് രണ്ടുമാസങ്ങള്‍ പിന്നിട്ടിട്ടും കൂടുതല്‍ ലഭിച്ച മാര്‍ക്ക് ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി.
റീവാല്യുവേഷനില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ ഉന്നത പഠനത്തിന് ചേര്‍ന്നപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും ഉടനെ നല്‍കാമെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചാണ് സ്ഥാപനങ്ങളില്‍ പഠനം ആരംഭിച്ചത്. സ്ഥാപനങ്ങളില്‍നിന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അറിയിപ്പു ലഭിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായത്.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിളിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. സ്കൂളില്‍നിന്നും അയച്ച സര്‍ട്ടിഫിക്കറ്റും പ്രിന്‍സിപ്പലിന്റെ കത്തും കിട്ടിയില്ലെന്ന ദുരനുഭവവും നേരിട്ട് ഡയറക്ടറേറ്റില്‍ എത്തിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റില്‍ അയയ്ക്കാന്‍ ഫണ്ടും സ്റ്റാമ്പുമില്ലെന്നു ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നതായും രക്ഷിതാക്കള്‍ പറയുന്നു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങുകയാണ് രക്ഷിതാക്കള്‍.