ചന്പക്കുളത്ത് കുഴിയും കടന്ന് പാലത്തിലേക്ക്
1597504
Monday, October 6, 2025 11:31 PM IST
ചമ്പക്കുളം: ചമ്പക്കുളം പള്ളി പാലത്തിന്റെ കിഴക്കേ കരയിലെ അപ്രോച്ച് റോഡ് തകർന്ന് അപകടാവസ്ഥയിൽ. മങ്കൊമ്പ് ചമ്പക്കുളം റോഡിൽനിന്നു പാലത്തിലേക്ക് തിരിയുന്ന ഭാഗം തകർന്നുകിടക്കുന്നത് വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് അപകടക്കെണി ഒരുക്കുന്നു.
ചമ്പക്കുളം പാലം തുറന്നുകൊടുത്ത കാലം മുതൽ വർഷാവർഷം അപ്രോച്ച് റോഡുകൾ തകരുന്നതും ഇടവേളകളിൽ മരാമത്ത് ജോലികൾ ചെയ്ത് സംരക്ഷിച്ചുവരുന്നതുമാണ്. നിരവധി വാഹനങ്ങളും ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ കാൽനടയായും സൈക്കിളിലും യാത്ര ചെയ്യുന്ന പാലത്തിന്റെ കുത്തനെ ഉള്ള ഇറക്കത്തിലെ വലിയ കുഴികളിൽ വീണ് വിദ്യാർഥികൾക്കു പരിക്കു പറ്റുന്നത് പതിവായി മാറിയിരിക്കുന്നു. ഈ ഭാഗത്തെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാർച്ച് മാസത്തിൽ ചെയ്തതാണെങ്കിലും മൂന്നുമാസം പോലും അത് നിലനിന്നില്ല.
വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതിന് ഇരുകരകളിലും ഓരോ സ്പാൻ കൂടി നിർമിക്കണം എന്ന ആവശ്യത്തിന് പാലത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ, നാളിതുവരെ ഇത് യാഥാർഥ്യമായിട്ടില്ല. കുട്ടനാട്ടിലെ ഏറ്റവും പുരാതന ദേവാലയവും ബസിലിക്കയുമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിലെ പ്രധാനതിരുനാൾ നാളെ ആരംഭിക്കും. നിരവധി തീർഥാടകരും വിശ്വാസികളുമാണ് പാലത്തിലൂടെ 12 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് എത്തുക . ഇത് കൂടുതൽ അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.
എത്രയും വേഗം പാലത്തിന്റെ കിഴക്കേ കരയിലെ റോഡിലെ കുഴി അടയ്ക്കുന്നതിനുവേണ്ട നടപടി പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇവിടത്തെ ദുരിതം അവസാനിപ്പിക്കുന്നതിന് ചമ്പക്കുളം പള്ളിപ്പാലത്തിന്റെ ഇരുകരകളിലും ഓരോ സ്പാൻ കൂടി നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.