തൊഴിലുറപ്പ് പദ്ധതിയെ കൊല്ലാൻ ആരെയും അനുവദിക്കില്ല: കെ.സി. വേണുഗോപാൽ
1597490
Monday, October 6, 2025 11:31 PM IST
ഹരിപ്പാട്: നാടിന്റെ ഹൃദയത്തിൽനിന്നുണ്ടായതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നും അതിനെ കൊല്ലാൻ ആരെയും അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ചിങ്ങോലി ഗാന്ധി സേവാ സാംസ്കാരിക വേദി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് നൽകിയ തൊഴിൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് കൊണ്ടുവന്നതാണ് തൊഴിലുറപ്പ് പദ്ധതി. അത് മുന്നോട്ടു പോകേണ്ടതും തൊഴിലാളികളുടെ ജീവിതം ഭദ്രമാക്കേണ്ടതും പാർട്ടിയുടെ ഉത്തരവാദിത്വമാണ്. തൊഴിലുറപ്പ് പദ്ധതി യുപിഎ സർക്കാരിന്റെ അഴിമതിയുടെ സ്മാരകമാണെന്നാണ് നരേന്ദ്രമോദി ഒരുകാലത്ത് പറഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയാണ് തൊഴിലുറപ്പെന്നും കോവിഡു കാലത്ത് പട്ടിണിയില്ലാതെ മുന്നോട്ടു പോകാൻ കഴിഞ്ഞത് ഈ പദ്ധതി മൂലമാണെന്നും പിന്നീട് അദ്ദേഹത്തിന് പാർലമെന്റിൽ മാറ്റിപ്പറയേണ്ടിവന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സാംസ്കാരിക വേദി ചെയർമാൻ ജേക്കബ് തമ്പാൻ അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക വേദി ജനറൽ കൺവീനർ രഞ്ജിത്ത് ചിങ്ങോലി, ബിജു തണൽ, ആജീർ നാണമ്പാട്ട്, അനിൽ ചിങ്ങോലി, എ.കെ. രാജൻ, എം.പി. പ്രവീൺ, പദ്മശ്രീ ശിവദാസൻ, ഷംസുദീൻ കായിപ്പുറം, പി. സുകുമാരൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി. ഷുക്കൂർ, എം.എ. കലാം, പി.ജി.ശാന്തകുമാർ എന്നിവർ പ്രസംഗിച്ചു.