പ്രസിഡന്റ്- സെക്രട്ടറി പോര് വീയപുരത്ത് കേരളോത്സവം മുടങ്ങി
1597233
Sunday, October 5, 2025 11:37 PM IST
ഹരിപ്പാട്: സംസ്ഥാന സര്‍ക്കാരും യുവജനക്ഷേമ വകുപ്പും സംയുക്തമായി പഞ്ചായത്തുകളില്‍ യുവതീ യുവാക്കളുടെ കലാ-കായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് നടത്തുന്ന കേരളോത്സവം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരുകാരണം നടന്നില്ല. വീയപുരം പഞ്ചായത്തിലെ പ്രസിഡന്റ്- സെക്രട്ടറി പോരാണ് കേരളോത്സവത്തില്‍ മത്സരാര്‍ഥികള്‍ ആരും എത്താതിരിക്കാന്‍ കാരണമെന്ന് അറിയുന്നു.
3, 4, 5 തീയതികളില്‍ പായിപ്പാട് ആശ്വാസകേന്ദ്രം, വീയപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാരിച്ചാല്‍ സെന്റ് മേരീസ് സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്താനായിരുന്നു സംഘാടകസമിതി തീരുമാനം. ഇതിനുള്ള നോട്ടീസും മറ്റ് പ്രചാരണ പരിപാടികളും നടന്നിരുന്നു. ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്തത് ഒരാള്‍ മാത്രം അതും കലാമത്സരത്തിന്.
ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റും മറ്റു ചില മെംബർമാരും മത്സരത്തില്‍ പങ്കെടുത്തില്ല. ജനപ്രതിനിധികളായ പി. ഓമന, പി.എ. ഷാനവാസ്, പി.ഡി. ശ്യാമള എന്നിവരും സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സിഡിഎസ് അംഗങ്ങളും ഹരിത കര്‍മസേനാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഇവരില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട പ്രായക്കാര്‍ ആരും തന്നെയില്ലെന്നാണ് പിന്നാമ്പുറ സംസാരം.
പഞ്ചായത്ത് വാഹനത്തിന് ഇന്ധനം അടിച്ചതില്‍ അഴിമതിയുണ്ടെന്ന കണ്ടെത്തലോടെ ബില്ല് മാറുന്നതിനെ പറ്റിയുള്ള പ്രശ്നങ്ങളാണ് പ്രസിഡന്റ് സെക്രട്ടറി പോരിനു കാരണം. സെക്രട്ടറി ആരും അറിയാതെ ആദ്യം 15 ദിവസവും പിന്നീട് വീണ്ടും 15 ദിവസവും കൂടി അവധിയെടുത്തത് പഞ്ചായത്തിന്റെ പദ്ധതിപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് പത്രവാര്‍ത്തയായതോടെ പോര് ശക്തമായി. പ്രസിഡന്റ് നേരിട്ട് പത്രസമ്മേളനം നടത്തി സെക്രട്ടറിയെ വിമര്‍ശിച്ചിരുന്നു.
രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രസിഡന്റിന്റെ സ്വാധീനം ഉപയോഗിച്ച് സെക്രട്ടറിയെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചു. പുതിയ സെക്രട്ടറി രാവിലെ ചാര്‍ജെടുത്തു. എന്നാല്‍, പഴയ സെക്രട്ടറിയുടെ സ്വാധീനം ഉപയോഗിച്ച് അന്ന് ഉച്ചയ്ക്കുതന്നെ സെക്രട്ടറിയായി വീയപുരത്ത് വീണ്ടും ചാര്‍ജെടുത്തു. ഇത് പ്രസിഡന്റിനെ ചൊടിപ്പിച്ചു.
പിന്നീട് കേരളോത്സവത്തിന്റെ സംഘാടകസമിതി കൂടിയെങ്കിലും സെക്രട്ടറി പങ്കെടുത്തില്ല. കേരളോത്സവത്തിന്റെ ചെലവിനായി 50,000 രൂപ അനുവദിക്കാമെന്ന് സെക്രട്ടറിയെ ഫോണില്‍ക്കൂടി അറിയിച്ചു. പദ്ധതിപണം ആയതിനാല്‍ അഡ്വാന്‍സ് തരാന്‍ കഴിയില്ലെന്ന് സെക്രട്ടറി നിലപാടെടുത്തു. തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15,000 രൂപ അഡ്വാന്‍സ് തരാമെന്ന് സെക്രട്ടറി അറിച്ചു. ചാര്‍ജ് ഓഫീസറുടെ കൈകാശില് സ്പോര്‍ട്സ് ഐറ്റങ്ങള്‍ വാങ്ങി. നോട്ടീസും ഫ്ളക്സും അടിച്ചു. സ്കൂള്‍ ഗ്രൗണ്ടുകള്‍ വൃത്തിയാക്കി. പ്രോഗ്രാമിനു വേണ്ടി ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍, ജനപ്രതിനിധികളോ മത്സരാര്‍ഥികളോ എത്തിയില്ല.
തദ്ദേശതെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന പോര് അവസാപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അതേസമയം, മാറ്റിവച്ച കേരളോത്സവം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് നാളെ രാവിലെ പത്തിന്പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധ സമരം നടത്തും.