കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് 22ന് അതിരൂപതയില്‍ സ്വീകരണം
1597491
Monday, October 6, 2025 11:31 PM IST
ചങ്ങനാശേരി: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള വിഷയങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും നിയമന അംഗീകാരം അധ്യാപകരുടെ ന്യായമായ അവകാശമാണെന്നും ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ഈ വിഷയത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ഒരിക്കലും ഉചിതമല്ലെന്നും
അദ്ദേഹം കൂട്ടിചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാള്‍.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ 13 മുതല്‍ 24 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തേക്ക് “സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ്’’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് 22ന് ചങ്ങനാശേരി അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളായ ഏറ്റുമാനൂര്‍, കോട്ടയം, ആലപ്പുഴ, രാമങ്കരി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്കാന് നേതൃയോഗം തീരുമാനിച്ചു.
യാത്രയുടെ വിജയത്തിനായി സി.ടി. തോമസ്, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, കെ.എസ്. ആന്റണി, സൈബി അക്കര, ബാബു വള്ളപ്പുര, ജേക്കബ് നിക്കോളാസ്, എന്‍.എ. ഔസേപ്പ്, ജോസി ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണയില്‍ അതിരൂപതയിലെ എല്ലാ ഇടവകകളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ക്കു രൂപംകൊടുത്തു.
ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ഭാരവാഹികളായ സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, അഡ്വ. മനു ജെ. വരാപ്പള്ളി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, സൈബി അക്കര, സേവ്യര്‍ കൊണ്ടോടി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, പി.സി കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട്, ലിസി ജോസ്, ജോസി ഡൊമിനിക്, സിനി പ്രിന്‍സ്, ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.