എസി റോഡ് നിർമാണത്തിൽ വൻ അഴിമതിയെന്ന് കെ.സി. വേണുഗോപാല്‍
1596947
Sunday, October 5, 2025 3:43 AM IST
അമ്പലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡ് നിര്‍മാണത്തില്‍ വലിയ അഴിമതിയാണ് നടന്നതെന്നും ലോകബാങ്കിന്റെ പണം ദുരുപയോഗിച്ചു നടത്തിയ ധൂര്ത്തുമാത്രമാണ് റോഡിന്റെ നിര്‍മാണമെന്നും കെ.സി. വേണുഗോപാല്‍ എംപി.
621 കോടി രൂപയ്ക്ക് ആരംഭിച്ച പദ്ധതി കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. എന്നാല്‍, മഴവന്നപ്പോള്‍ റോഡില്‍ എപ്പോഴും വെള്ളമാണ്. ഒരു കിലോമീറ്റര്‍ ഉണ്ടാക്കാന്‍ 37 കോടി രൂപ ചെലവഴിച്ചു. റീബില്‍ഡ് കേരള നടപ്പിലാക്കുന്ന പദ്ധതിയില്‍ നടന്നത് പണം കൊള്ള മാത്രമാണ്.
പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷമായിട്ടും ഫലം കണ്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണം നടത്തുന്ന പദ്ധതിയില്‍ ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ അടിമുടി ദുരൂഹതയാണ്.പിണറായി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പേരില്‍ നല്‍കിയിട്ടുള്ള എല്ലാ നിര്‍മാണ കരാറുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ദേശീയപാതയായി പ്രഖ്യാപിച്ച എ സി റോഡ് അതിന്റെ നവീകരണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ റോഡില്‍ നിര്‍മാണം ആരംഭിച്ചത്. 24 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിനായി കണക്കാക്കിയ അടങ്കല്‍ തുക 209 കോടി രൂപ കൂട്ടി 880.72 കോടി രൂപയായി ഉയര്‍ത്തിയത് മാത്രമാണ് ആകെ നടന്നത്. ആദ്യം നീക്കിവച്ചതിനേക്കാള് 209 കോടിയിലേറെ രൂപ അധികമായി നല്‍കിയിട്ടും റോഡ് നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
മോദിക്ക് ആദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍. ശബരിമലയില്‍ എട്ടുകോടി ചെലവഴിച്ചപ്പോള്‍ ആ തുക നിക്ഷേപിച്ചത് ഊരാളുങ്കലിന്റെ അക്കൗണ്ടിലാണ്. സര്‍ക്കാരിന് ലഭിക്കാവുന്ന കമ്മീഷന് മുഴുവന്‍ അടിച്ചു മാറ്റാന്‍ വേണ്ടിയിട്ടാണ് പല റോഡുകളും ഒരേ സമയം പണി തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളില്‍നിന്ന് കോടാനുകോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്.
ഇത് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ്. അമ്പലം, റോഡ്, പാലം എന്നിവയെല്ലാം വിഴുങ്ങുന്നുവെന്നും വേണുഗോപാല്‍ പരിഹസിച്ചു.റോഡ് നിര്‍മാണം പിആര്‍ വര്‍ക്കായി കൊണ്ടു നടന്ന പിണറായി സര്‍ക്കാര്‍ മലപ്പുറത്തെ റോഡിന്റെ തകര്‍ച്ചയോടെ അത് ഉപേക്ഷിച്ചു.
റോഡുകള്‍ക്ക് പുറമെ നിര്‍മിക്കുന്ന പാലം തകര്‍ന്നു വീഴുന്നു. ഇവ തകരുന്നിനു മുന്‍പു വരെ അതില്‍ മേനിപറഞ്ഞവര് അതിനുശേഷം ഉത്തരവാദിത്വത്തില്‍ പങ്കില്ലെന്ന് പറയുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും കെ.സി. വേണുഗോപാല്‍ പരിഹസിച്ചു.