നിയമനം അംഗീകരിക്കില്ലെന്ന് എ.എ. ഷുക്കൂർ
1596945
Sunday, October 5, 2025 3:43 AM IST
മങ്കൊമ്പ്: നീലംപേരൂർ പഞ്ചായത്തിൽ നിയമവിരുദ്ധമായി തസ്തിക സൃഷ്ടിച്ച് ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. നീലംപേരൂർ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ ഇല്ലാത്ത അസിസ്റ്റന്റ് അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരേ നീലംപേരൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താത്കാലിക ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദനീയമല്ലെന്നും പുരുഷജീവനക്കാരെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിയമിക്കാനാവില്ലെന്നും നിലപാടെടുത്ത മുൻ പഞ്ചായത്ത് സെക്രട്ടറിയെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. പുതിയ സെക്രട്ടറിയും പക്ഷെ നിയമനത്തെ എതിർക്കുകയാണുണ്ടായത്.
മണ്ഡലം യുഡിഎഫ് ചെയർമാൻ എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ചു. കെ. ഗോപകുമാർ, സി.വി. രാജീവ്, ബോബൻ തയ്യിൽ, വിജയകുമാർ പൂമംഗലം, എ.പി. ആനന്ദരാജൻ, ജോബ് ചെറിയാൻ, സിബിച്ചൻ തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.