മൗലവിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
1597240
Sunday, October 5, 2025 11:37 PM IST
പൂച്ചാക്കൽ: അരൂക്കുറ്റി വടുതല കണ്ണാറപ്പള്ളി അസി. ഇമാം അസീസ് മൗലവിയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വടുതല പുത്തൂർ പള്ളാക്കൽ ചിറയിൽ സരിനെ(24)യാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നാം തീയതിയാണ് മൗലവിയെ പ്രതി ആക്രമിച്ചത്. സരിൻ മദ്യപിച്ച് മാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നതിനിടയിൽ മൗലവി നോക്കി നിൽക്കുന്നത് കണ്ടത് ഇഷ്ടപ്പെടാത്തതാണ് പ്രതി ആക്രമിക്കാൻ കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിലും മറ്റും മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൂച്ചാക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ, എസ്ഐമാരായ ദിലീപ് കുമാർ, സജി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബി കുര്യാക്കോസ്, കലേഷ്, പ്രവീൺ, ലിജോമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.