വരുംതലമുറ നാട്ടില്‍തന്നെ ജോലികള്‍ കണ്ടെത്തണം: മാര്‍ തോമസ് തറയില്‍
1596952
Sunday, October 5, 2025 3:43 AM IST
ആലപ്പുഴ: നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി വരുംതലമുറ നാട്ടില്‍തന്നെ ജോലികള്‍ കണ്ടെത്തണമെന്നും സഭയെക്കുറിച്ച് അഭിമാനബോധം എല്ലാവരിലും ഉണ്ടാവണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ആലപ്പുഴ ഫൊറോന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭ ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ കാണാതെ പോകരുതെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം സഭ വരുംതലമുറയ്ക്കായി ഒരുക്കി വച്ചിരിക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നമ്മുടെ സമുദായത്തെ മുന്പോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. സമുദായബോധം എന്നത് വര്‍ഗീയതയല്ലെന്നും അഭിമാനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്പരം വളര്‍ത്തുകയും അതുവഴി ഒരുമിച്ച് വളരുകയും ചെയ്യുക എന്ന തത്വം സമുദായം പ്രാവര്‍ത്തികമാക്കണം. ഇത് വ്യക്തിഗതമായ ഉയര്‍ച്ചയ്ക്കും കൂട്ടായ പുരോഗതിക്കും നിര്‍ണായകമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നമ്മുടെ മനുഷ്യവിഭവം വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ കഴിയണമെന്നും സാമുദായിക നിലനില്‍പ്പിന് സഹായകമായ നിലപാടുകളില്‍ ഊന്നി മുന്നോട്ടുപോകാന്‍ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ഫൊറോന വികാരി ഫാ. മാത്യുനടമുഖത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രീസ്റ്റ് കൗണ്‍സില്‍ സെക്രട്ടറി ബിജു മണവത്ത് സ്വാഗതം പറഞ്ഞു. ഫൊറോന കൗണ്‍സില്‍ സെക്രട്ടറി റോയ് പി. വേലിക്കെട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദീപിക ജനറല്‍ മാനേജർ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റം സമുദായ ശക്തീകരണം എന്ന വിഷയം അവതരിപ്പിച്ചു. അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി രേഖ മാത്യു, ജോയി ജോൺ സണ്‍, ജോസഫ് കളപ്പുരയ്ക്കല്‍, സൗമി എന്നിവര്‍ യോഗത്തില്പ്രസംഗിച്ചു.