ഹൗസ്ബോട്ട് കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ; പ്രതീക്ഷയോടെ വിനോദസഞ്ചാരികൾ
1596956
Sunday, October 5, 2025 3:43 AM IST
പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലുള്ള ഹൗസ് ബോട്ട് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. അനുബന്ധ ജോലികള്‍ പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലക്ക് ഏറെ സാധ്യതകളാണ് ഉണ്ടാകുക.
ജില്ലയുടെ വടക്കെ അതിര്‍ത്തിയായ അരൂക്കുറ്റി ഫെറിയില്‍ ഹൗസ് ബോട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തിടങ്ങിയിരുന്നില്ല. നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലവും അല്ലാതെയും കേടുപാടുകള്‍ സംഭവിച്ച ടൈലുകള്‍, ക്ലോസ്റ്റുകള്‍, പെയിന്റിംഗ് എന്നിവയുടെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
കേന്ദ്രത്തിനു സമീപത്തുള്ള 60 സെന്റ് സ്ഥലം എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥലം കൂടി കിട്ടിയാലേ വാഹന പാര്‍ക്കിംഗിനും മറ്റും സ്ഥലം ലഭിക്കുകയുള്ളൂ. സ്ഥലം വിട്ടുകിട്ടുന്നതിനായി രണ്ടു വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
എക്സൈസ് വകുപ്പിന്റെ സ്ഥലം ലഭിച്ചാല്‍ മാത്രമേ അരൂക്കുറ്റിയുടെ ടൂറിസം വികസന ലക്ഷ്യം സാധ്യമാകൂ. 1.65 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ മെഗാ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയില്‍ നീക്കിവച്ചത്. എന്നാല്‍, സ്ഥലം ലഭിക്കാത്തതോടെ പദ്ധതി പൂര്‍ണമായും നടപ്പായിട്ടില്ല.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലായിരുന്നു ടെര്‍മിനല്‍ നിര്‍മാണം. കായല്‍ ടൂറിസം പദ്ധതിയുടെ സാധ്യതകളേറെയുണ്ടിവിടെ. കൊച്ചിയില്‍നിന്ന് വിനോദസഞ്ചാരികള്‍ക്ക് കായല്മാര്ഗവും റോഡ് മാര്‍ഗവും അരൂക്കുറ്റിയില്‍ എത്താന്‍ കഴിയും. അതും അരമണിക്കൂര്‍കൊണ്ട്. ആഡംബരക്കപ്പലുകളില്‍ എത്തി ഒരു ദിവസം മാത്രം കരയില്‍ തങ്ങുന്ന സഞ്ചാരികള്‍ക്ക് ഇവിടം ഏറെ അനുകൂലവുമായിരുന്നു. ഒപ്പം കായല്‍ തുരുത്തുകളുടെ സൗന്ദര്യവും ഇവിടെ ആസ്വദിക്കാനാകും.
ഈ ടെര്‍മിനലില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന മൂന്ന് ചെറു ദ്വീപുകളുണ്ട്. 15 ഓളം ബോട്ടുകള്‍ അടുപ്പിക്കാന്‍ സൗകര്യം ഉണ്ട്. യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലെറ്റുകള്, ഒന്നാം നിലയില്‍ ഇരു ഭാഗത്തും കാഴ്ചകള്‍ ആസ്വദിക്കാനുള്ള വാച്ച് ടവര്‍, വിശ്രമിക്കാനുള്ള സ്ഥലം എന്നിവയുണ്ട്. ഫ്രാന്‍സില്‍ നിന്നെത്തിച്ച ടെന്‍സൈല്‍ റൂഫിംഗ് ആണ് ഈ ടെര്‍മിനലിന്റെ മറ്റൊരാകര്‍ഷണം. ടെര്മിനലിനന്റെ മധ്യഭാഗത്താണിത്.
അരൂക്കുറ്റി വൈക്കം സത്യാ ഗ്രഹത്തിന്റെ ഭാഗമായിരുന്ന തന്തെ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ക്ക് അദ്ദേഹം ജയില്‍വാസം അനുഭവിച്ച അരൂക്കുറ്റിയില്‍ ഉയരുന്ന സ്മാരകം അഞ്ചുമാസത്തിനകം പൂര്‍ത്തിയാകും. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാള്‍, പാര്‍ക്ക് എന്നിവ ഇവിടെ ഒരുക്കും.
മറ്റ് വിനോദസഞ്ചാര പദ്ധതികളും നടപ്പാക്കും. പെരുമ്പളം പാലം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ അരൂക്കുറ്റി, പെരുമ്പളം മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ക്ക് കടന്നുവരാനാകും.
ദേശീയപാതയില്‍ ഉയരപ്പാത നിര്‍മാണവും പുരോഗമിക്കുകയാണ്. ഇതോടെ ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അരൂക്കുറ്റി വിനോദസഞ്ചാര പ്രധാന്യമുള്ള ഇടമായി മാറുമെന്നാണ് പ്രതി ക്ഷിക്കുന്നത്.