റോഡ് മതിയോ, ഓട വേണ്ട; പ്രതിഷേധം ശക്തം
1597229
Sunday, October 5, 2025 11:37 PM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കാട്ടൂര്‍ കണ്ണാട്ട് റോഡിനെ ചൂളത്തെരുവ് റോഡുമായി ബന്ധിപ്പിക്കുന്ന കോലടത്തു തറയില്‍ ചക്കനാട്ട് റോഡിന്റെ പുനര്‍നിര്‍മാണത്തില്‍ ഓടകൂടി നിര്‍മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
ഏകദേശം മുന്നൂറ് മീറ്റര്‍ നീളമുള്ള റോഡിന് ഗ്രാമപ്രദേശത്തെ റോഡുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ശരാശരി വീതി മാത്രമേയുള്ളൂ. ഇതിന്റെ ഒരു വശത്തുകൂടി ഓട നിര്‍മിക്കാനുള്ള പഞ്ചായത്ത് മെംബറുടെ പിടിവാശി ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അശാസ്ത്രീയമെന്ന് നാട്ടുകാര്‍
നിലവിലെ വീതി കുറഞ്ഞ റോഡിന്റെ വശത്ത് ഓട നിര്‍മിക്കുന്നത് അനാവശ്യവും അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. എതിര്‍വശത്തുനിന്നും കാറോ സ്കൂള്‍ ബസോ വന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരനുപോലും സൈഡ് കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് റോഡിലുള്ളത്. ഇതിനിടയില്‍ ഓട നിര്‍മിക്കുന്നത് ഗതാഗതത്തെ കൂടുതല്‍ ദുഷ്കരമാക്കും.
നാട്ടുകാരുടെ ശക്തമായ വിയോജിപ്പ് വകവയ്ക്കാതെ രണ്ടുദിവസം മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികളെയും ജെസിബിയും ഉപയോഗിച്ച് ഓടയ്ക്കുവേണ്ടി കുഴിയെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പൗരസമിതി അംഗങ്ങളായ രഞ്ജിത് കൊയ്പ്പള്ളില്‍, ഹരീഷ് കുമാര്‍ പൊരീക്കല്‍, വിജയകുമാരക്കുറുപ്പ് മഞ്ഞാടിയില്‍, രഘുനാഥന് ചെറുവല്ലൂര്‍ വടക്കതില്‍, ജയശ്രീ സദാശിവന് കണ്ണങ്കര, സജീവ് തുരുത്തിയില്‍ കിഴക്കതില്‍ എന്നിവര്‍ കുഴിയില്‍ വാഴനട്ട് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണെടുത്ത കുഴിയില്‍ വീണ് ഒരു സ്കൂട്ടറും ഓട്ടോറിക്ഷയും കാറും അപകടത്തില്‍പ്പെട്ടിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടങ്ങള്‍ സംഭവിച്ചത്.
ഫണ്ട് ദുര്‍വിനിയോഗവും അഴിമതി
ആരോപണവും
ഏകദേശം 160 മീറ്റര്‍ ദൂരം ഓടയ്ക്കുവേണ്ടി മണ്ണെടുത്ത ഈ ഭാഗത്ത് ഒരുകാലത്തും വെള്ളക്കെട്ടോ നീരൊഴുക്കോ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഓടയ്ക്കുവേണ്ടി പണം ചെലവഴിക്കുന്നത് പഞ്ചായത്ത് ഫണ്ടിന്റെ ദുര്‍വിനിയോഗമാണെന്നും ഇതില്‍ അഴിമതി സംശയിക്കുന്നതായും പ്രദേശവാസികള്‍ ആക്ഷേപം ഉന്നയിച്ചു.
വൈദ്യുത പോസ്റ്റുകള്‍ ഭീഷണി
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഓടനിര്മാണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ റോഡ് സൈഡിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ റോഡില്‍ സ്ഥലമില്ലാത്തതിനാല്‍ അവ ഓടയ്ക്കുള്ളില്ത്തന്നെ നിലനിര്‍ത്തേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.
ഓടയും വൈദ്യുത പോസ്റ്റുകളും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
അനാവശ്യമായി ഓടനിര്മിക്കാനുള്ള തീരുമാനത്തില്‍നിന്ന് പഞ്ചായത്ത് അധികൃതര്‍ പിന്മാറണമെന്നും റോഡിന്റെ വീതി കുറയ്ക്കാതെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുമാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.