രണ്ടാംകൃഷി: ഇലകരിച്ചിൽ സാധ്യതയെന്ന് മുന്നറിയിപ്പ്
1596955
Sunday, October 5, 2025 3:43 AM IST
മങ്കൊമ്പ്: രണ്ടാം കൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളിൽ നെൽച്ചെടികളിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ഇലകരിച്ചിൽ രോഗത്തിന് സാധ്യതയെന്ന് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മുന്നറിയിപ്പു നൽകി. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ താഴേക്ക് വ്യാപിക്കുന്ന കരിച്ചിലാണ് രോഗലക്ഷണം. സാന്തോമോണസ് ഒറൈസയെന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്.
ഇലയിൽ മഞ്ഞനിറത്തിലുള്ള നീണ്ട പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെട്ട് ഇലയുടെ അറ്റത്തുനിന്നു താഴേക്ക് തണ്ടിനരികിലൂടെയോ, അരികിലൂടെ മാത്രമോ വളഞ്ഞുപുളഞ്ഞ രേഖകൾ രൂപപ്പെടുകയും ക്രമേണ ആ ഭാഗം കരിഞ്ഞുപോകുകയും ചെയ്യുന്നു.
ചിനപ്പ് പൊട്ടുന്ന സമയത്താണ് രോഗം ബാധിക്കുന്നതെങ്കിൽ നടുനാമ്പുകരിഞ്ഞ് ചെടി കരിഞ്ഞുപോകുന്നു. തണ്ടുതുരപ്പന്റെ ആക്രമണത്തോട് സാമ്യം തോന്നുമെങ്കിലും നടുനാമ്പു വലിക്കുമ്പോൾ ഊരിപ്പോകുന്നില്ലെങ്കിൽ ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിലാണെന്ന് ഉറപ്പിക്കാം. നെല്ലിന്റെ കൊതുമ്പു പരുവത്തിലാണ് രോഗബാധ ഉണ്ടാവുന്നതെങ്കിൽ ഇലകരിച്ചിലും രോഗതീവ്രതയും കൂടുന്നു.
വിതച്ച് 40 മുതൽ 50 ദിവസം വരെ പ്രായമായ നെൽച്ചെടികളെയാണ് ഇലകരിച്ചിൽ ബാക്ടീരിയ പ്രതികൂലമായി ബാധിക്കുന്നത്. വെയിലും മഴയും രോഗം കൂട്ടും ഇടവിട്ടുള്ള നല്ല വെയിലും മഴയും രോഗവ്യാപനത്തിന് ആക്കം കൂട്ടും. രോഗമുണ്ടന്നു സംശയിക്കുന്ന ചെടി പറിച്ചെടുത്ത് ചെളി കഴുകിയതിനുശേഷം ഒരു കത്തികൊണ്ട് തണ്ടോ ഇലയോ മുറിച്ച ഭാഗം ഒരു ചില്ലുഗ്ലാസിലെ വെള്ളത്തിൽ കുറച്ചുസമയം ഇളകാതെ മുക്കിവയ്ക്കുമ്പോൾ മുറിവിൽനിന്നു പാലുപോലെയുള്ള ദ്രാവകം ഒലിച്ചിറങ്ങിയാൽ ബാക്ടീരിയൽ ഇലകരിച്ചിലാണെന്ന് ഉറപ്പിക്കാം.
മഴക്കാലത്ത് ശക്തമായ കാറ്റുമൂലം നെല്ലോലകൾ തമ്മിൽ കൂട്ടിയുരയുമ്പോൾ ഉണ്ടാവുന്ന മുറിവിലൂടെ രോഗഹേതുവായ ബാക്ടീരിയ ചെടിക്കുള്ളിൽ കടന്ന് രോഗം പരത്തുന്നു.
മുൻപു രോഗം ബാധിച്ചിടങ്ങളിൽ ജാഗ്രത
കഴിഞ്ഞ കൃഷിയിൽ ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽരോഗം വന്ന പാടത്ത് ഇത്തവണത്തെ കൃഷിയിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഈ പാടങ്ങളിൽനിന്നു ജലസേചനത്തിനായി വെള്ളം കയറ്റിയിറക്കുമ്പോൾ രോഗം മറ്റു പാടങ്ങളിലേക്കും പടരും. നടീൽ സമയത്ത് ഞാറിന്റെ അറ്റം മുറിക്കുന്നത്, അധികമായ ജലസേചനം, കളകൾ, താമസിച്ചുള്ള മൂന്നാം വളപ്രയോഗത്തിൽ അമിത നൈട്രജൻ എന്നിവ രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടുന്ന ഘടകങ്ങളാണ്.
തുടക്കത്തിലേ ശ്രദ്ധിച്ചാൽ ജൈവമാർഗത്തിലൂടെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. രാസവളം ഉപയോഗിക്കരത്സ്യൂഡോമോണസ് ഫ്ളൂറസെൻസ് ഉപയോഗിച്ച് (10 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ) വിത്തുപരിചരണം ചെയ്യുന്നത് രോഗത്തെ പ്രതി രോധിക്കാൻ സഹായിക്കുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ.എം. സുരേന്ദ്രൻ പറഞ്ഞു.
രോഗലക്ഷണങ്ങൾ കണ്ടാൽ പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചു മണിക്കൂറിനുള്ളിൽ തെളിയൂറ്റി രോഗംബാധിച്ച ഭാഗത്ത് തളിക്കണം. ബ്ലീച്ചിങ് പൗഡർ ഏക്കറിന് രണ്ടു കിലോഗ്രാം ചെറിയ കിഴികളിലാക്കി, തുമ്പുകളിൽ വെള്ളം കയറുന്ന സമയത്തോ വെള്ളം കെട്ടി നിർത്തുന്ന സമയത്തോ കൃഷിയിടങ്ങളിൽ കെട്ടിയിടണം.
രോഗം ആദ്യം വരിനെല്ലിനെ ആക്രമിക്കുകയും പിന്നീട് നെല്ലിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. അതിനാൽ, വരിനെല്ലിന്റെ ആധിക്യമുള്ള പാടങ്ങളിൽ എത്രയുംപെട്ടെന്ന് വരിനെല്ലിനെ നശിപ്പിച്ചുകളയേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ- 0477- 2702245, 9447565946 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.