താമരപ്പള്ളിപ്പടി- അട്ടക്കുഴി കളീക്കൽപ്പടി റോഡ് തകർന്നു
1597235
Sunday, October 5, 2025 11:37 PM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിനെയും പാണ്ടനാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരപ്പള്ളിപ്പടി- അട്ടക്കുഴി കളീക്കല്‍പ്പടി റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയില്‍. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കാല്‍നട യാത്രക്കാര്‍ക്ക്, വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
അശാസ്ത്രീയ നിര്‍മാണവും
ഫണ്ട് പ്രതിസന്ധിയും
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ 13-ാം വാര്‍ഡും പാണ്ടനാടിന്റെ രണ്ടാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന അരക്കിലോമീറ്ററിലധികം വരുന്ന റോഡിന്റെ 80 ശതമാനവും തകര്‍ന്നിരിക്കുന്നത് തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഭാഗത്താണ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് റോഡ് ആരംഭിക്കുന്ന താമരപ്പള്ളിപ്പടി മുതല്‍ വെറും 130 മീറ്റര്‍ നീളത്തില്‍ മാത്രം റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍, ആറു മീറ്ററോളം വീതിയുള്ള റോഡിന്റെ മധ്യഭാഗത്ത് വെറും മൂന്നുമീറ്റര്‍ വീതിയില്‍ മാത്രമാണ് കോണ്‍ക്രീറ്റ് നടത്തിയത്. റോഡിന്റെ ഇരുവശങ്ങളും മണ്ണിട്ടുയര്‍ത്തി സുരക്ഷിതമാക്കാത്തതാണ് പ്രധാന പ്രശ്നം. ഏകദേശം ഒരാള്‍ ഉയരത്തില്‍ പാര്‍ശ്വഭാഗങ്ങള്‍ ഉയര്‍ത്തിയാല്‍ മാത്രമേ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കൂ.
നിലവിലെ അശാസ്ത്രീയ റോഡുനിര്‍മാണം കാരണം ഈ ഭാഗത്ത് പതിവായി അപകടങ്ങളുണ്ടാകുന്നു. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഒരു ടൂ വീലറിനു പോലും സുഗമമായി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വഴിവിളക്കുകളും
വെളിച്ചമില്ലാത്ത പാതയും
റോഡ് തകര്‍ച്ചയ്ക്കു പുറമേ, ഈ ഭാഗത്തെ വഴിവിളക്കുകള്‍ കത്താത്തതും നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന് കാട്ടി തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
2018ലെ പ്രളയത്തിനുശേഷം ഇവിടെ രണ്ടു സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇവ കുറച്ചുകാലം പ്രകാശിച്ചെങ്കിലും പിന്നീട് നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പ്രദേശവാസി പഞ്ചായത്ത് അധികൃതര്‍ക്ക് വിവരാവകാശം നല്കി. 2024 സെപ്റ്റംബര്‍ ഒന്പതിനു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം, അടുത്ത റിവിഷന്‍ സമയത്ത് അട്ടക്കഴി പാടത്തുള്ള റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്ന പദ്ധതി രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
ഈ തീരുമാനം എടുത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് കമ്മിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രാത്രിയില്‍ ജോലി കഴിഞ്ഞ് എത്തുന്നവര്‍ തകര്‍ന്ന റോഡിലൂടെ വെളിച്ചമില്ലാതെ വീട്ടിലെത്താന്‍ ഏറെ ക്ലേശിക്കുകയാണ്. തുടര്‍ നടപടിക്കു വേണ്ടി പ്രദേശവാസി ഇപ്പോള്‍ കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്. റോഡുനിര്‍മാണം പൂര്‍ത്തിയാക്കി അപകടങ്ങള്‍ ഒഴിവാക്കണമെന്നും വഴിവിളക്കുകള്‍ അടിയന്തരമായി നന്നാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.